അരവിന്ദ് കെജ്രിവാൾ | Photo: ANI
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. കേന്ദ്ര സര്‍ക്കാരും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും തമ്മില്‍ ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധിപ്രസ്താവം.
ഭരണഘടനയുടെ 239 എ.എ. അനുച്ഛേദപ്രകാരം ആര്‍ക്കാണ് ഡല്‍ഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധി പ്രസ്താവം. ഡല്‍ഹി നിയമസഭയ്ക്ക് നിയമ നിര്‍മാണത്തിന് അധികാരമുള്ള എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെമേലും സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി, പോലീസ്, പൊതുക്രമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും ഡല്‍ഹി സര്‍ക്കാരിന് നിയമ നിര്‍മാണത്തിനുള്ള അധികാരം ഉണ്ട്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണാധികാരം ഇല്ലെങ്കില്‍ അത് ജനങ്ങളോടും നിയമ നിര്‍മാണ സഭയോടും ഉള്ള ഉത്തരവാദിത്വം കുറയുന്നതിന് തുല്യമായിരിക്കുമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അത് കൂട്ടുത്തരവാദിത്വത്തെ
ബാധിക്കുമെന്നും സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധിച്ചു.
ഡല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്നാണ് 2018-ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഇക്കാര്യം സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വീണ്ടും ആവര്‍ത്തിച്ചു. രാഷ്ട്രപതി ചുമതലപ്പെടുത്തിയിരിക്കുന്ന ഭരണപരമായ അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഉണ്ട്. എന്നാല്‍ ആ അധികാരം ഉപയോഗിച്ച് എല്ലാ ഭരണപരമായ വിഷയങ്ങളിലും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അങ്ങനെയുള്ള ഇടപെടല്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സംവിധാനത്തിന്റെ ലക്ഷ്യത്തിന് എതിരാണെന്നും സുപ്രീം കോടതി വിധിച്ചു.
Content Highlights: win for delhi government in supreme court in tussle vs centre


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..