ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ ഡല്‍ഹിയിലെ മെഡിക്കല്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്ന് ആരോപിക്കുന്ന ഹര്‍ജിയിലാണിത്. ഓക്‌സിജന്റെ വിഷയത്തില്‍ കേരളം എല്ലാവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണെന്നും കോടതി പരാമര്‍ശിച്ചു.

വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കിക്കൂടേ എന്ന് കോടതി ചോദിച്ചു. രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് കുറയ്ക്കാന്‍ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

ഇതോടെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഓക്‌സിജന്‍ നല്‍കുന്നത് ഏപ്രില്‍ 22 മുതല്‍ നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേന്ദ്രത്തിനെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശമുന്നയിച്ചത്. ഏപ്രില്‍ 22 മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. 'ഇന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയാത്തത് എന്താണ് ? ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളോട് ഏപ്രില്‍ 22 വരെ ഓക്സിജന് വേണ്ടി കാത്തിരിക്കാന്‍ ആരെങ്കിലും പറയുമോ ?', ഹൈക്കോടതി ആരാഞ്ഞു.

എന്നാല്‍ മൂന്ന് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഐസിയു കിടക്കള്‍ ആവശ്യമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഐസിയു രോഗികള്‍ക്ക് 24 ലിറ്റര്‍ ഓക്‌സിജനും ഐസിയു ഇതര രോഗികള്‍ക്ക് 10 ലിറ്റര്‍ ഓക്‌സിജനും മാത്രമാണ് ആവശ്യമുള്ളത്. കോവിഡ് ബാധിക്കുന്ന 80 ശതമാനം പേരും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരാണ്. 17 ശതമാനംപേര്‍ തീക്ഷ്ണത കുറഞ്ഞ രോഗാവസ്ഥയില്‍ ഉള്ളവരാണ്. മൂന്ന് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഐസിയു പരിചരണം ആവശ്യമുള്ളത്. ഡല്‍ഹി സര്‍ക്കാര്‍ 700 മെട്രിക് ടണ്‍ ആവശ്യപ്പെട്ട സ്ഥാനത്ത് 378 മെട്രിക് ടണ്‍ നല്‍കിയിട്ടുണ്ട്. 74,941 രോഗികള്‍ക്ക് 220 മെട്രിക് ടണ്‍ മാത്രമാണ് ആവശ്യമുള്ളത്. എന്നാല്‍ 378 മെട്രിക് ടണ്‍ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിനിടെ ഡല്‍ഹിയില്‍  ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നിന് ഓക്‌സിജന്‍ വന്‍തോതില്‍ നല്‍കുന്നതുമൂലമാണ് ഇതെന്നും ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പേര് എടുത്തുപറയാതെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഈ ആരോപണം ഉന്നയിച്ചത്.

Content Highlights: Will yoy ask patients to wait foe oxygen; Delhi HC slams centre