ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി സുപ്രീം കോടതി നിര്‍ദ്ദേശിച്ചല്‍ പിന്‍വലിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത്. സുപ്രീംകോടതി ഉത്തരവിട്ടാല്‍ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തില്ലെന്നും റാലി മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്നും ടിക്കായത്ത് പറഞ്ഞു.
കര്‍ഷകര്‍ ചെങ്കോട്ടയില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിനത്തില്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നും ടിക്കായത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ചുനടത്തുമെന്നും യഥാര്‍ഥ കര്‍ഷകരെ രാജ്യത്തിനു കാണിച്ചു കൊടുക്കാന്‍ റിപ്പബ്ലിക് ദിന പരേഡിലും അണിനിരക്കുമെന്നുമാണ് ടിക്കായത്ത് പറഞ്ഞത്.
എന്നാല്‍, ട്രാക്ടര്‍ റാലി ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചെങ്കോട്ടയില്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും അവര്‍ വ്യക്തമാക്കി. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ രജേവാള്‍ കര്‍ഷകര്‍ക്കെഴുതിയ തുറന്ന കത്തിലാണ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ മാത്രമാണ് നടക്കുകയെന്ന് വ്യക്തമാക്കിയത്.
കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഡല്‍ഹി പോലീസ് മുഖേനയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Content HIghlights: Will Withdraw Proposed Republic Day Procession If Top Court Orders: Farmer Leader