അഹമ്മദാബാദ്: ഗുജറാത്ത് നിമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമര നേതാവ് പട്ടേലിന്റെ പിന്തുണ കോണ്‍ഗ്രസിന്‌.

പട്ടേല്‍ സമുദായത്തിന്റെ ഉപാധികള്‍ കോണ്‍ഗ്രസ് അംഗീകരിച്ചെന്നും തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്നും ഹര്‍ദിക് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ഹര്‍ദികിന്റെ അവകാശത്തോട് പ്രതികരിച്ചിട്ടില്ല.

തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പിന്തുണ നല്‍കുമെന്ന് ഹര്‍ദിക് പട്ടേല്‍ അറിയിച്ചത് കോണ്‍ഗ്രസ് ക്യാമ്പിന് ആവേശം പകര്‍ന്നിട്ടുണ്ട്. ഹര്‍ദിക് പട്ടേലും കോണ്‍ഗ്രസും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ നാലുദിവസം ഹര്‍ദ്ദിക് പട്ടേലുമായി കോണ്‍ഗ്രസ് നേതൃത്വം നിരന്തരം ചര്‍ച്ചയിലായിരുന്നു.

എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രവര്‍ത്തിക്കുമെങ്കിലും കോണ്‍ഗ്രസിലേക്കോ മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കോ ചേരാന്‍ ഇല്ലെന്ന് ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേശ് മേവാനി വ്യക്തമാക്കി. തന്റെ സമൂഹത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും ബോധ്യപ്പെടുത്താന്‍ രാഹുലുമായി ചര്‍ച്ചയ്ക്ക് സന്നദ്ധനാണെന്ന് ജിഗ്‌നേഷ് മേവാനി അറിയിച്ചിട്ടുണ്ട്. 

ഗുജറാത്തില്‍ അധികാരം പിടിക്കാനുറച്ച് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. മറുഭാഗത്ത് അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപിയും അണിയറ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം കൊഴുപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രചാരണ റാലികള്‍ക്കായി ഇന്ന് ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. 

Content Highlights: Gujarat Poll, Hadilk Patel, BJP, Narendra Modi, Amith Sha, Rahul Gandhi, Congress,