ഏക്നാഥ് ഷിൻഡെ, സുപ്രീം കോടതി | Photo: ANI
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാവിയെ സംബന്ധിച്ച അതിനിര്‍ണായക ഉത്തരവ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് (വ്യാഴാഴ്ച) പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ഉദ്ധവ് താക്കറെയ്ക്കും നിര്‍ണായകമായ വിധി പ്രസ്താവിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധി മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവിയെ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ പോലും ദൂരവ്യാപക ചലനങ്ങള്‍ സൃഷ്ടിക്കും.
ശിവസേനയിലെ പിളര്‍പ്പിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ ആണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ആണ് ഭരണഘടന ബെഞ്ചിന്റെ വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസുമാരായ എം.ആര്‍. ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഭരണഘടനാ ബെഞ്ച് പരിഗണിച്ച വിഷയങ്ങള്‍
- മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പടെ 16 എം.എല്‍.എമാരെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി ഉത്തരവിറക്കണമെന്നാണ് ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ആവശ്യം.
- കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഏക്‌നാഥ് ഷിന്‍ഡെ നല്‍കിയ ഹര്‍ജി.
- ഉദ്ധവ് താക്കറെയോട് സഭയില്‍ വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നടപടി ശരിയാണോ
- സ്പീക്കറിന്റെ പരിഗണനയില്‍ ഇരിക്കെ ഏക്‌നാഥ് ഷിന്‍ഡെയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനപരമായി ശരിയാണോ?
ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കുകയും ഗവര്‍ണറുടെ നടപടി ഭരണഘടനപരമായി തെറ്റാണെന്നെന്ന് വിധിക്കുകയും ചെയ്താല്‍ മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാടി സര്‍ക്കാര്‍ രാജി വെക്കുന്നതിന് മുമ്പുള്ള തല്‍സ്ഥിതി പുനഃസ്ഥാപിക്കണം എന്നാണ് ഉദ്ധവ് താക്കറെ വിഭാഗം ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടത്. 2016-ല്‍ അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ആയിരുന്ന നബാം തുക്കിയുടെ സര്‍ക്കാരിനെ പുനഃസ്ഥാപിച്ചത് പോലെ തങ്ങളുടെ സര്‍ക്കാരിനെയും പുനഃസ്ഥാപിക്കണം എന്നാണ് ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നതിന് മുമ്പ് സ്വയം രാജി വെച്ച് പോയ സര്‍ക്കാരിനെ എങ്ങനെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാദം കേള്‍ക്കലിനിടെ ആരാഞ്ഞിരുന്നു.
ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഇത് വിധിയില്‍ പ്രതിഫലിക്കുമോ എന്നതും ശ്രദ്ധേയമാണ്.
Content Highlights: will shinde government continue in maharashtra supreme court constitution bench verdict today


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..