ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സമരക്കാര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ പങ്കുവെച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി.  'ആരുടെ മനസ്സിനെയും ഉലയ്ക്കുന്നതാണ്' എന്ന തലക്കെട്ടോടെയാണ് വരുണ്‍ ഗാന്ധി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. തെറ്റുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നാല് കര്‍ഷകരുള്‍പ്പടെ എട്ട് പേരുടെ മരണത്തിലേക്ക് നയിച്ച സംഭവം രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഉയരുന്നത്. കേസ് കൈകാര്യം ചെയ്യുന്നതില്‍ ഭരണകക്ഷിയായ ബിജെപി വലിയ വിമര്‍ശനം നേരിട്ടിരുന്നു. ദേശീയ പ്രശ്നമായി മാറിയ ലഖിംപൂര്‍ അക്രമത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കോണ്‍ഗ്രസാണ് വീഡിയോ പുറത്തുവിട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര സഞ്ചരിച്ച വാഹനമാണ് പ്രക്ഷോഭകര്‍ക്കുനേരെ പാഞ്ഞുകയറിയത് എന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിയും മകനും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുപോലും ഇല്ലായിരുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആശിഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: 'Will shake anyone's soul' says Varun Gandhi on viral video of vehicle run over farmers in Lakhimpur