ന്യൂഡല്‍ഹി:  2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ശനിയാഴ്ച ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അച്ചടി നിലനിര്‍ത്തുന്ന കാര്യം റിസര്‍വ്ബാങ്കും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്.

2019-2020, 2020-2021 വര്‍ഷങ്ങളില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ പറയുന്നു. 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവില്‍ പ്രചാരത്തിലുള്ളത്. 

കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി നോട്ടുകളുടെ അച്ചടിയും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് മെയ് നാലിനാണ് അച്ചടി വീണ്ടും ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: the Union government has not decided to discontinue the high denomination notes.