ന്യൂഡല്‍ഹി:   ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരികെ അടയ്ക്കാതിരിക്കുന്ന വമ്പന്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കി(ഐപിപിബി) ന്റെ ഉദ്ഘാടന ചങ്ങിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. 

വായ്പയെടുത്ത് തിരികെ അടയ്ക്കാത്ത 12 വമ്പന്മാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. തന്റെ സര്‍ക്കാരിന്റെ കാലത്തല്ല ഇവര്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചതെന്നും 2014 മുമ്പാണ് ഇവര്‍ക്ക് ലോണ്‍ ലഭിച്ചതെന്നും മോദി വ്യക്തമാക്കി. 

പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനും മോദി മറന്നില്ല. കോണ്‍ഗ്രസ് നടത്തിയിരുന്ന ഫോണ്‍ ബാങ്കിങ് സമ്പദ് വ്യവസ്ഥയെ ബാധിച്ചു. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറുമൊരു ഫോണ്‍ വിളിയില്‍ കൂടി ചിലര്‍ക്ക് കോടികള്‍ ബാങ്കുകള്‍ വായ്പകള്‍ അനുവദിച്ചു. ഇത്തരത്തില്‍ വായ്പകള്‍ കൂടുതലും ലഭിച്ചത് ഒരുകുടുംബവുമായി ഏറെ അടുപ്പമുള്ള കമ്പനികള്‍ക്കായിരുന്നുവെന്നും മോദി ആരോപിച്ചു. 

വായ്പ ആവശ്യമുള്ളവര്‍ക്കായി ഈ കുടുംബത്തില്‍ നിന്ന് ഫോണ്‍ വിളിച്ചാല്‍ മതിയായിരുന്നുവെന്നും മോദി കോണ്‍ഗ്രസിനുള്ള പരോക്ഷ വിമര്‍ശനമായി പറഞ്ഞു.  ഇത്തരത്തില്‍ അനുവദിക്കപ്പെട്ട വായ്പകളൊക്കെ തിരികെ പിടിക്കുമെന്നും മോദി വ്യക്തമാക്കി.

കോണ്‍ഗ്രസ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുഴിബോംബ് പോലെയാക്കിമാറ്റിയിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞത് തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. 

 

Content Highlights: IPPB, PM Modi, Congress, Bank defaulters