മുംബൈ: കൊറോണ വൈറസിനെ കണ്ടെത്തുകയാണെങ്കില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ വായില്‍ ഇട്ടുകൊടുക്കാമായിരുന്നുവെന്ന് ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദ്. റെംഡെസിവിറിനെ ചൊല്ലി സംസ്ഥാനത്ത് വിവാദം കനക്കുന്നതിനിടെയാണ് ഫഡ്നാവിസിനെതിരേ ശിവസേന എംഎല്‍എയുടെ പരാമര്‍ശം. 

കോവിഡ് പടരുന്ന ഈ സമയത്ത് ഫഡ്നാവിസായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹം എന്തു ചെയ്യുമായിരുന്നുവെന്ന് ഗെയ്ക്വാദ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ചോദിച്ചു. സംസ്ഥാനത്തെ മന്ത്രിമാരെ പിന്തുണയ്ക്കുന്നതിനുപകരം ബിജെപി നേതാക്കള്‍ അവരെ പരിഹസിക്കുകയും സര്‍ക്കാരിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന് നോക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. 

കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നെങ്കില്‍ താന്‍ അതിനെ ദേവേന്ദ്ര ഫഡ്നാവിസിന്റെ വായില്‍ ഇടുമായിരുന്നുവെന്നും ഗെയ്ക്‌വാദ് പറഞ്ഞു. ഫഡ്നാവിസും ബിജെപി നേതാക്കളായ പ്രവീണ്‍ ദാരേക്കറും ചന്ദ്രകാന്ത് പാട്ടീലും റെംഡെസിവിര്‍ കുത്തിവയ്പ്പുകളുടെ കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

റെംഡെസിവിറിന്റെ കയറ്റുമതിയില്‍ നിരോധനം നിലവിലുള്ളപ്പോള്‍ മുംബൈയില്‍ നിന്ന് വന്‍തോതില്‍ ഇവ വ്യോമമാര്‍ഗം കടത്താനുള്ള ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മരുന്ന് നിര്‍മാണക്കമ്പനിയുടെ പ്രതിനിധികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധവുമായെത്തിയ ഫഡ്നാവിസിനെ ലക്ഷ്യം വെയ്ക്കുകയാണ് ശിവസേന. 

Content Highlights: Will put coronavirus in Devendra Fadnavis' mouth if I find it: Shiv Sena MLA