ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ കോടതി പ്രകടിപ്പിച്ച ആശങ്ക തെളിയിക്കുന്നത് പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ശരിയായിരുന്നു എന്നാണെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. 

ഇന്ത്യയുടെ ജനാധിപത്യത്തെ തന്നെ തകര്‍ക്കാനുള്ള ശ്രമമായിരുന്നു പെഗാസസ്. ഇന്ത്യയെന്ന ആശയം തന്നെ പെഗാസസിലൂടെ ആക്രമിക്കപ്പെട്ടു. വിഷയത്തില്‍ കോടതി ഇടപെടല്‍ നിര്‍ണായകമാണ്. സത്യം എന്താണെന്ന് അറിയാനാവുമെന്ന വിശ്വാസം ഇപ്പോള്‍ തനിക്കുണ്ടെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും പെഗാസസ് സംബന്ധിച്ച സത്യം പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ ഫോണ്‍ പോലും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടു. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നും ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ഫോണുകള്‍ ചോര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 

പാര്‍ലമെന്റില്‍ ഞങ്ങള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ മറുപടി ഉണ്ടായില്ല. പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ സ്തംഭിപ്പിച്ചു. എന്നിട്ടും മറുപടി ഉണ്ടായില്ല. എന്നാല്‍ ഇന്ന് ഞങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ അതുപോലെ തുടരും, രാഹുല്‍ പറഞ്ഞു. പെഗാസസ് വിഷയം വീണ്ടും പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആരാണ് പെഗാസസ് വാങ്ങിയത്? പെഗാസാസ് ഫോണ്‍ ചോര്‍ത്തലിന് ഇരയായത് ആരൊക്കെയാണ്? ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ മറ്റേതെങ്കിലും രാജ്യങ്ങളുടെ പക്കലുണ്ടോ? എന്തൊക്കെ വിവരങ്ങളാണ് പെഗാസസ് ചോര്‍ത്തിയത് -തുടങ്ങിയ ചോദ്യങ്ങളായിരുന്നു രാഹുലും പ്രതിപക്ഷവും നിരന്തരം ഉന്നയിച്ചിരുന്നത്. സര്‍ക്കാരുകള്‍ക്കാണ് പെഗാസസ് വാങ്ങാന്‍ കഴിയുന്നത്. അങ്ങനെയെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സ്വന്തം പൗരന്മാര്‍ക്കെതിരേയാണോ പ്രവര്‍ത്തിക്കുന്നത് എന്നും രാഹുല്‍ നേരത്തെ ചോദിച്ചിരുന്നു. 

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുക. ദേശ സുരക്ഷയുടെ പേര് പറഞ്ഞ് എല്ലാ കാര്യങ്ങളില്‍ നിന്നും കേന്ദ്രത്തിന് ഒഴിയാനാവില്ലെന്ന് കോടതി തുറന്നടിച്ചു. പൗരന്മാരുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാപരമായിരിക്കണമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തിയിരുന്നു.

Content Highlights: Will Push For Parliament Debate On Pegasus, Says Rahul Gandhi