ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയൊടുക്കാന്‍ തയ്യാറാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍. തന്റെ ട്വീറ്റുകള്‍ സുപ്രീം കോടതിയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും സുപ്രീം കോടതിയുടെ വിജയം എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുപ്രീം കോടതി വിധിക്കെതിരെ ലഭ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിര്‍ണായകനിമിഷമാണിത്. ഈ കേസ് അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് പ്രചോദനമാകുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഒരു പൗരന്റെ കര്‍ത്തവ്യമാണ് ട്വീറ്റുകളിലൂടെ താന്‍ നിര്‍വഹിച്ചത്. സുപ്രീം കോടതിയെ അവഹേളിക്കുക എന്നൊരു ഉദ്ദേശ്യം തനിക്കുണ്ടായിരുന്നില്ല. കോടതിയുടെ ഉന്നതമായ മുന്‍കാല ചരിത്രത്തില്‍നിന്ന് വ്യതിചലിക്കുന്നതിലുള്ള മനോവേദന പ്രകടിപ്പിക്കുക മാത്രമായിരുന്നു.
പിഴയൊടുക്കാന്‍ കോടതി വിധിച്ച ഉടന്‍തന്നെ കേസില്‍ തന്റെ അഭിഭാഷകനും സഹപ്രവര്‍ത്തകനുമായ രാജീവ് ധവാന്‍ പിഴയൊടുക്കുന്നതിനുള്ള ഒരു രൂപ തനിക്കു നല്‍കി. വളരെ നന്ദിയോടെ താന്‍ അത് സ്വീകരിച്ചു. കോടതിയോടുള്ള ആദരവോടെ പിഴ ഒടുക്കും- അദ്ദേഹം പറഞ്ഞു. രാജീവ് ധവാനില്‍ നിന്ന് ഒരു രൂപ സ്വീകരിക്കുന്ന ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.
My lawyer & senior colleague Rajiv Dhavan contributed 1 Re immediately after the contempt judgement today which I gratefully accepted pic.twitter.com/vVXmzPe4ss
— Prashant Bhushan (@pbhushan1) August 31, 2020
ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചിരുന്നു. പിഴ അടക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അഭിഭാഷക വൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷം വിലക്കും നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.
ഭൂഷണ്‍ മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒരു രൂപ പിഴ വിധിച്ചുള്ള അസാധാരണ വിധി പറപ്പെടുവിച്ചത്.
പ്രശാന്ത് ഭൂഷണ് പുനഃപരിശോധനാ ഹര്‍ജിക്കുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. സെപ്റ്റംബര്‍ 15നകം പിഴയടച്ചില്ലെങ്കില്‍ തടവ് ശിക്ഷയനുഭവിക്കേണ്ടി വരും. അഭിഭാഷക വൃത്തിയില്‍ നിന്നുള്ള വിലക്കും നേരിടേണ്ടി വരും.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നാഗ്പുരില്‍വെച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവര്‍ഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകള്‍. ഇവ വസ്തുതാപരമായി ശരിയല്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.
Content highlights: Will Pay Rs 1 Fine- Says Prashant Bhushan