
മെഹബൂബ മുഫ്തി| Photo: PTI
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയെന്നും മുഫ്തി പറഞ്ഞു. 14 മാസം നീണ്ട വീട്ടു തടങ്കലില്‍ നിന്ന് മോചിതയായ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
" ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്." - മെഹ്ബൂബ മുഫ്തി പറഞ്ഞു.
കേന്ദ്രം പിന്‍വലിച്ച പ്രത്യേക പദവി പുന:സ്ഥാപിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാര്‍ട്ടി ഉപേക്ഷിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു." കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ചു നല്‍കേണ്ടിവരും. അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്കുന്നു. നമ്മുടെ കൈയില്‍നിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരും" - മെഹ്ബൂബ മുഫ്തി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 വിഷയം ഉയര്‍ത്തിക്കാട്ടി ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു. യഥാര്‍ഥ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുന്നത് ഒഴിവാക്കാനാണ് അദ്ദേഹം വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ആര്‍ട്ടിക്കിള്‍ 370 വിഷയം എടുത്ത് ഉപയോഗിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
" ബിഹാറില്‍ പോയ മോദിക്ക് ആര്‍ട്ടിക്കിള്‍ 370 നെ വീണ്ടും ആശ്രയിക്കേണ്ടിവന്നു. യഥാര്‍ഥ പ്രശ്നങ്ങള്‍ പരാമര്‍ശിക്കാന്‍പോലും അവര്‍ ആഗ്രഹിക്കുന്നില്ല. യാഥാര്‍ഥ വിഷയങ്ങളിലെല്ലാം പരാജയപ്പെടുമ്പോള്‍ അവര്‍ കശ്മീരും ആര്‍ട്ടിക്കിള്‍ 370 ഉം ഉയര്‍ത്തിക്കാട്ടും." - അവര്‍ ആരോപിച്ചു.
Content Highlights: Will Not Raise National Flag Till J&K's Own Flag Back: Mehbooba Mufti
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..