കെ. മുരളീധരൻ | Photo: Mathrubhumi
ന്യൂഡല്‍ഹി: നിലപാട് കടുപ്പിച്ച് കെ. മുരളീധരന്‍ എം.പി. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സേവനം വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടേയെന്നും തന്നെ അപമാനിക്കാനായി ബോധപൂര്‍വമായാണ് നോട്ടീസ് നല്‍കിയതെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. വായ മൂടിക്കെട്ടുന്നവര്‍ അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി. നിര്‍വാഹക സമിതി ചേര്‍ന്ന രണ്ടു സന്ദര്‍ഭത്തിലും പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഫെബ്രുവരി 12-ന് ഹാഥ് സേ ഹാഥ് പരിപാടിയുടെ ചര്‍ച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കഴിഞ്ഞ 28-ന് വൈക്കം സത്യഗ്രഹത്തേക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു വേണ്ടി മാത്രമാണ് യോഗം വിളിച്ചത്. പുനഃസംഘടന സംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ മുന്‍ പ്രസിഡന്റുമാരായിട്ടുള്ള തന്നെയോ രമേശ് ചെന്നിത്തലയെയോ ക്ഷണിച്ചിരുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും മാത്രം യോഗമായിരുന്നു നടന്നത്. എന്റെ പ്രസ്താവനയില്‍ എന്തെങ്കിലും തെറ്റുണ്ടായിരുന്നെങ്കില്‍ ആ യോഗത്തിലേക്ക് എന്നെ ക്ഷണിക്കാമായിരുന്നു. എങ്കില്‍ എനിക്ക് മറുപടി പറയാമായിരുന്നു. ബോധപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തില്‍ അയച്ച കത്ത് ആണിത്. ഒരു കാര്യം മനസ്സിലാക്കേണ്ടത്, തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ രണ്ട് എം.പിമാര്‍ക്ക് ഷോ കോസ് നോട്ടീസ് നല്‍കുന്നത് പാര്‍ട്ടിക്ക് ഗുണകരമാണോ ദോഷകരമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കണം, മുരളീധരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്നും തന്നെ വന്നു കണ്ട പ്രവര്‍ത്തകരോടും താന്‍ ഇതാണ് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് നോട്ടീസ് ലഭിച്ചതില്‍ കടുത്ത അതൃപ്തിയാണ് മുരളീധരന്‍ പ്രകടിപ്പിക്കുന്നത്. കെ.പി.സി.സി. നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. എം.കെ. രാഘവന്‍ നടത്തിയ പ്രസ്താവനയില്‍ കാര്യമായ തെറ്റൊന്നും കണ്ടിട്ടില്ല. ഷോ കോസ് നോട്ടീസ് അയക്കുന്നുണ്ടായിരുന്നെങ്കില്‍ അതിന് മുന്‍പ് കെ.പി.സി.സി. അധ്യക്ഷന് ഒന്ന് സംസാരിച്ചു കൂടായിരുന്നോ എന്നും മുരളീധരന്‍ ചോദിച്ചു. തന്നോട് എ.ഐ.സി.സി. വിശദീകരണം ആരാഞ്ഞാല്‍, എ.ഐ.സി.സി. അധ്യക്ഷനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എം.പി.മാരായ എം.കെ. രാഘവനും കെ. മുരളീധരനും നടത്തുന്ന പരസ്യ പ്രസ്താവനകളിലുള്ള അതൃപ്തി കെ.പി.സി.സി. നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു എന്നതടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കെ. മുരളീധരന്റെ രോഷപ്രകടനം.
Content Highlights: will not contest elections anymore says k muraleedharan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..