ന്യൂഡല്‍ഹി: രാജ്യസഭാ അംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യപ്പെട്ട സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്‌. മോദി സര്‍ക്കാര്‍ വന്ന ശേഷം നാമനിര്‍ദേശം ചെയ്യപ്പെടുന്ന പന്ത്രാണ്ടാമത്തെ രാജ്യസഭാ അംഗമായിരിക്കും ഗൊഗോയ്. കെ.ടി.എസ്.തുളസി വിരമിക്കുന്ന ഒഴിവിലേക്കാണ് ഗൊഗോയ് എത്തുക.

രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ചീഫ് ജസ്റ്റിസായിരിക്കെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രത്യുപകാരമാണ് രാജ്യസഭാ സീറ്റെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇക്കാര്യങ്ങളില്‍ താന്‍ പ്രതികരണം നടത്തുമെന്നാണ് ഗൊഗോയ് ഇന്ന് പറഞ്ഞത്. 

 2018 നവംബര്‍ 26 ദേശീയ ഭരണഘടനാ ദിനത്തില്‍ സുപ്രീം കോടതി ബി.ഐ.എം.എസ്.ടി.ഇ.സി രാജ്യങ്ങളിലെ ജഡ്ജിമാര്‍ക്ക് അത്താഴ വിരുന്നൊരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമായിരുന്നു ഈ വിരുന്നില്‍ വേറിട്ട് നിന്നത്. സുപ്രീം കോടതി സംഘടിപ്പിക്കുന്ന ഇത്തരത്തിലൊരു പരിപാടിയില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. 

അതിന് മുമ്പ് ഒക്ടോബറില്‍ രാഷ്ട്രപതി ഭവനില്‍വെച്ചും ഗൊഗോയിയുമായി മോദി കൂടിക്കാഴ്ച നടത്തി. 2018 ഒക്ടോബറില്‍ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു ഇത്. പ്രധാനമന്ത്രി പങ്കെടുത്ത ജഡ്ജിമാരുടെ അത്താഴ വിരുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷണമില്ലായിരുന്നുവെന്നതും കൗതുകരമായിരുന്നു.

അത്താഴ വിരുന്നില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് മണത്തറിഞ്ഞ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി. പ്രധാനമന്ത്രി മോദിയും ചീഫ് ജസ്റ്റിസും ഒരു റൂമില്‍ രണ്ടു സോഫകളിലായി ഇരിക്കുന്ന ചിത്രം പിറ്റേ ദിവസത്തെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. റഫാല്‍ ഇടപാട് കേസ് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്ന സമയത്തായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്. 

റഫാല്‍ കേസില്‍ പ്രധാനമന്ത്രിക്ക് പിന്നീട് ഗൊഗോയ് ഉള്‍പ്പെട്ട ബെഞ്ച് ക്ലീന്‍ചിറ്റ് നല്‍കിയതും ചരിത്രമാണ്. ചീഫ് ജസ്റ്റിസായിരിക്കെ പല സുപ്രധാന കേസുകളും അദ്ദേഹത്തിന്റെ മുമ്പാകെ വന്നു. ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതായിരുന്നു പല വിധികളുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ചട്ടപ്രകാരം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നവര്‍ക്ക് എംപി ആയ ശേഷം ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാം. ആറ് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയാല്‍ മതി. ലോക്‌സഭയിലേത് പോലെ ബിജെപിക്ക് രാജ്യസഭയില്‍ അപ്രമാദിത്വമില്ല. അതുകൊണ്ട്‌ തന്നെ അംഗ സംഖ്യ വര്‍ധിപ്പിക്കുക എന്നത് ബിജെപിയുടെ മുഖ്യ അജണ്ടയാണ്. 

അതേസമയം, ഇതുവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട 135 ആളുകളില്‍ 25 പേര്‍ മാത്രമാണ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ നിലവില്‍ രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട 12 പേരില്‍ നാല് പേര്‍ മാത്രമാണ് പാര്‍ട്ടിയില്‍ ചേരാത്തതുള്ളൂ. ബാക്കി എട്ട് പേരും നിലവില്‍ ബിജെപിയുടെ എംപിമാരാണ്.  

ഗൊഗോയിക്ക് മുമ്പ് രണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍ രാജ്യസഭയിലെത്തിയിട്ടുണ്ട്. 1983-ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ ജസ്റ്റിസ് ബാഹറുല്‍ ഇസ്ലാമിനെ രാജ്യസഭയിലെത്തിച്ചു. ജഡ്ജിയാകുന്നതിന് മുമ്പായി അദ്ദേഹം രണ്ടു തവണ രാജ്യസഭയിലെത്തിയിട്ടുണ്ട്. 

1998-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജസ്റ്റിസ് രംഗനാഥ് മിശ്രയെ രാജ്യസഭയിലെത്തിച്ചു. 1979-ല്‍ ജസ്റ്റിസ് എം.ഹിദായത്തുള്ളയെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തിട്ടുമുണ്ട്.

Content Highlights: Will Justice Ranjan Gogoi join BJP as Rajya Sabha MP