ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം ഒരുക്കും. കാബൂളില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമ്പോള്‍ അഫ്ഗാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മുന്‍ഗണന നല്‍കുമെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

അഫ്ഗാനിസ്താനിലെ സാഹചര്യം ദിനംപ്രതി വഷളാവുകയാണ്. അവിടുത്തെ സിഖ്, ഹിന്ദു വിഭാഗങ്ങളിലെ പ്രതിനിധികളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സൗകര്യങ്ങള്‍ ഒരുക്കും. പരസ്പര വികസനം, വിദ്യഭ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ നമ്മുടെ പങ്കാളികളായ നിരവധി അഫ്ഗാനികളുണ്ട്. രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ബാഗ്ചി വ്യക്തമാക്കി. 

അഫ്ഗാനിലെ സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസ് നിര്‍ത്തിവെച്ചതാണ് ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നടപടിയെ തടസപ്പെടുത്തിയത്. സര്‍വീസ് പുനഃസ്ഥാപിക്കുന്നതോടെ ഒഴിപ്പിക്കല്‍ നടപടി പുനഃരാരംഭിക്കും. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അടിയന്തര സഹായത്തിന് വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെടാനുള്ള നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും ബാഗ്ചി പറഞ്ഞു. 

എംബസി ജീവനക്കാര്‍, നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 200ലേറെ ഇന്ത്യക്കാര്‍ കാബൂളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇന്നുരാത്രിയോടെ ഇന്ത്യന്‍ സംഘവുമായുള്ള വിമാനം ഡല്‍ഹിയിലെത്തുമെന്നാണ് സൂചന.

രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിടുകയും ചെയ്തതോടെ പരിഭ്രാന്തരായ ജനങ്ങള്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരന്നു. തിക്കുംതിരക്കും നിയന്ത്രിക്കാന്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിനുപിന്നാലെയാണ് കാബൂള്‍ വ്യോമപാത അടച്ചത്. 

content highlights: Will Help Afghan Hindus, Sikhs Come To India, Says Government On Crisis