ഭരണകൂടത്തെ പേടിയില്ല; യു.പിയിലേക്ക് തിരിച്ചു പോവും- ഡോ. കഫീല്‍ ഖാന്‍


കെ.എ. ജോണി

അവരെന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി നഗ്നനാക്കി മര്‍ദ്ദിച്ചു. ഉറക്കം വരുമ്പോള്‍ അവരെന്റെ തലയില്‍ വെള്ളമൊഴിക്കും. ഭക്ഷണവും വെള്ളവും ഉറക്കവുമില്ലാതെ വല്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ജ്വരബാധിതനെപ്പോലെ മയക്കത്തിലേക്ക് വീഴുമ്പോള്‍ ഞാന്‍ സ്വപ്നം കണ്ടത് ഒരു കഷ്ണം റൊട്ടിയായിരുന്നു.

ഡോ. കഫീൽ ഖാൻ | ഫോട്ടോ: പി.ടി.ഐ

2017 ഓഗസ്റ്റിലാണ് ഡോക്ടര്‍ കഫീല്‍ ഖാനെ ലോകം അറിയാന്‍ തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ഗൊരക്പൂരിലുള്ള ബി.ആര്‍.ഡി. മെഡിക്കല്‍കോളേജില്‍ ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം മൂലം 63 കുട്ടികള്‍ മരിച്ചതായിരുന്നു പശ്ചാത്തലം. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗൊരക്പുരില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടായത് ലോകത്തെ ഞെട്ടിച്ചു.

മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്തിരുന്ന കരാറുകാരന് 70 ലക്ഷം രൂപയോളം കുടിശ്ശിക വന്നതോടെ അയാള്‍ സിലിണ്ടര്‍ വിതരണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചുകുട്ടികളാണ് ഇതിനിരയായത്. കുടിശ്ശിക തീര്‍ക്കണമെങ്കില്‍ ലഭിക്കാനുള്ള തുകയുടെ പത്ത് ശതമാനം(ഏഴ് ലക്ഷം രൂപ) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍െൈ കക്കൂലി ആവശ്യപ്പെട്ടെന്നും അതു കൊടുക്കാനില്ലാത്തതുകൊണ്ടാണ് താന്‍ സിലിണ്ടര്‍ വിതരണം നിര്‍ത്തിയതെന്നും കരാറുകാരന്‍ പിന്നീട് പറഞ്ഞു.

കണ്‍മുന്നില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നതു കണ്ടപ്പോള്‍ ആസ്പത്രിയിലെ ശിശുരോഗ ചികിത്സകനായ ഡോ. കഫീല്‍ ഖാന്‍ സ്വന്തം കാശു മുടക്കി 250 ഓക്സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചു. ആസ്പത്രിയിലെ ദുരന്തം യോഗി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് വന്‍ തിരിച്ചടിയായി. ഇതിനിടയില്‍ ഡോ. കഫീല്‍ ഖാനെ മാദ്ധ്യമങ്ങള്‍ ഹീറോയായി കൊണ്ടാടിയത് സര്‍ക്കാരിലെ ഉന്നതര്‍ക്ക് പിടിച്ചില്ല. ഡോ. ഖാന്റെ പ്രതിസന്ധികള്‍ അവിടെത്തുടങ്ങി.

ജോലിയില്‍ വിഴ്ച വരുത്തിയെന്നാരോപിച്ച് ഡോ. ഖാനെ അധികൃതര്‍ പിരിച്ചുവിട്ടു. പിന്നീട് ഇതേ കുറ്റത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുറ്റം തെളിയിക്കപ്പെടാനാവാതെ വന്നപ്പോള്‍ മാസങ്ങള്‍ക്കു ശേഷം ഡോ. ഖാന്‍ മോചിതനായി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12-ന് അലിഗഡ് മുസ്ലിം സര്‍വ്വകലാശാലായില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ യു.പി. പോലിസ് ഡോ. ഖാനെ 2020 ജനവരി 29-ന് അറസ്റ്റ് ചെയ്തു.

സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പടര്‍ത്താന്‍ ശ്രമിച്ചു എന്നതായിരുന്നു കുറ്റം. ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ.) പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യു.പി. സര്‍ക്കാര്‍ ഡോ. ഖാനെ ജയിലിലടച്ചത്. എന്നാല്‍ പ്രസംഗത്തില്‍ ഇത്തരത്തിലുള്ള ഒരു കുറ്റവും ഡേ. ഖാന്‍ ചെയ്തിട്ടില്ലെന്നും ദേശീയ ഉദ്ഗ്രഥനത്തിനായുളള്ള സന്ദേശമാണ് ഡോ. ഖാന്‍ നല്‍കിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി ഈ സെപ്റ്റംബര്‍ ഒന്നിന് അലഹബാദ് ഹൈക്കോടതി ഡോ. ഖാന്റെ മോചനത്തിന് ഉത്തരവിട്ടു. ജയില്‍ മോചിതനായ ഡോ. ഖാന്‍ ഇപ്പോള്‍ രാജസ്ഥാനിലെ ജയ്പൂരിലാണ് തമാസിക്കുന്നത്. അവിടെനിന്നു മാതൃഭൂമി ഡോട്ട് കോമുമായി ഡോ. ഖാന്‍ നടത്തിയ ടെലിഫോണ്‍ അഭിമുഖത്തില്‍നിന്ന്:

ആദ്യത്തെ ജയില്‍വാസത്തില്‍നിന്നും വിഭിന്നമായി ഇക്കുറി താങ്കള്‍ക്ക് കടുത്ത ശാരീരിക പീഡനമനുഭവിക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വാസ്തവമാണോ?

അതെ. ആദ്യത്തെ പ്രാവശ്യം അവരെന്നെ മാനസികമായി മാത്രമേ പീഡിപ്പിച്ചിരുന്നുള്ളു. പക്ഷേ, ഇത്തവണ എനിക്ക് ശാരീരിക മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. ജനുവരി 29-ന് മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തതിനു ശേഷം ഫെബ്രുവരി ഒന്നിനു മാത്രമാണ് എന്നെ ജയിലിലടച്ചത്. 72 മണിക്കൂറുകള്‍ യു.പി. പോലിസ് എന്നെ പലയിടങ്ങളിലേക്കും കൊണ്ടുപോയി. കണ്ണു കെട്ടിയാണ് കൊണ്ടുപോയതെന്നതിനാല്‍ എങ്ങോട്ടൊക്കെയാണ് കൊണ്ടുപോയതെന്നറിയില്ല. ഈ ദിവസങ്ങളിലൊന്നും തന്നെ അവരെനിക്ക് ഭക്ഷണമോ വെള്ളമോ തന്നില്ല. അവരെന്നോട് വിചിത്രമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. നൂറുകണക്കിനാളുകളെ കൊല്ലാന്‍ കഴിയുന്ന പൊടി(കെമിക്കല്‍ പൗഡര്‍) ഞാനുണ്ടാക്കിയിട്ടുണ്ടോയെന്നും രാജ്യത്തിന് പുറത്തുപോയി ഭീകരപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടില്ലേയെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍. ഞാന്‍ ഒരു ഡോക്ടറാണെന്നും ശാസ്ത്രജ്ഞനല്ലെന്നും എനിക്ക് പരീക്ഷണശാലകളില്ലെന്നും ഞാന്‍ പറഞ്ഞു. എന്റെ പാസ്പോര്‍ട്ട് സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കെ എങ്ങിനെയാണ് ഞാന്‍ രാജ്യം വിട്ടുപോകുന്നതെന്നും ചോദിച്ചു. ഇതൊന്നും അവര്‍ക്ക് തൃപ്തികരമായില്ല. അവരെന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി നഗ്നനാക്കി മര്‍ദ്ദിച്ചു. ഉറക്കം വരുമ്പോള്‍ അവരെന്റെ തലയില്‍ വെള്ളമൊഴിക്കും. ഭക്ഷണവും വെള്ളവും ഉറക്കവുമില്ലാതെ വല്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ജ്വരബാധിതനെപ്പോലെ മയക്കം വരുമ്പോള്‍ ഞാന്‍ സ്വപ്നം കണ്ടത് ഒരു കഷ്ണം റൊട്ടിയായിരുന്നു.

ജയിലിലെ താമസം എങ്ങിനെയായിരുന്നു ?

അമ്പത് പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബാരക്കിലാണ് എന്നെ അടച്ചത്. അവിടെ നൂറ്റമ്പതോളം പേരുണ്ടായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഇത്രയും പേര്‍ക്കുണ്ടായിരുന്നത്. മല-മൂത്ര വിസര്‍ജ്ജനത്തിനായി ചുരുങ്ങിയത് അര മണിക്കൂര്‍ വരെ കാത്തുനില്‍ക്കണം. പല സഹതടവുകാരും പിടിച്ചു നില്‍ക്കാനാവാതെ ട്രൗസേഴ്സിനുള്ളില്‍ തന്നെ കാര്യം നടത്തിപ്പോവുന്ന അവസ്ഥയായിരുന്നു.. ശുചിമുറി മലീമസവും ദുര്‍ഗന്ധപൂരിതവുമായിരുന്നു. എല്ലായിടത്തും കൊതുകുകളും ഈച്ചകളും ആര്‍ത്തുകൊണ്ടിരുന്നു. ആദ്യ ദിവസങ്ങളില്‍ ഛര്‍ദിച്ചവശനായി ചിലപ്പോള്‍ ബോധം പോലും പോകുമായിരുന്നു.

വേനല്‍ അതീവദുഷ്‌കരമായിരുന്നു. പവര്‍കട്ട് കാരണം ഫാന്‍ മിക്കപ്പോഴുും പ്രവര്‍ത്തിക്കില്ല. വിയര്‍ത്തൊലിച്ച് ഒരു വഴിക്കാവും. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കൊറോണയുടെ ആക്രമണമുണ്ടായേക്കാമെന്ന പേടിയിലായിരുന്നു ഞങ്ങള്‍. രാത്രിയില്‍ ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലുമാവില്ല. മാസ്‌ക് കിട്ടിയിരുന്നെങ്കിലും ശാരീരിക അകലം മിഥ്യ മാത്രമായിരുന്നു. ഞങ്ങളുടെ ജയിലില്‍ നൂറോളം പേര്‍ കോവിഡ് 19 ബാധിതരായി. എന്റെ ബാരക്കില്‍ രണ്ടു പേരെ മാത്രമേ ഇത് ബാധിച്ചുള്ളു. ഞാന്‍ ഒരു ഡോക്ടര്‍ ആണന്നറിയാമായിരുന്നതുകൊണ്ട് സഹതടവുകാര്‍ എന്നോട് ആദരവോടും സ്നേഹത്തോടെയുമാണ് പെരുമാറിയത്. വാസ്തവത്തില്‍ ജനുവരി ആദ്യം കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി ഞാന്‍ ഒരു വീഡിയോ നിര്‍മ്മിച്ചിരുന്നു. ജയിലിലടയ്ക്കപ്പെട്ടതിനു ശേഷം കൊറോണയുടെ കാര്യത്തില്‍ എന്തൊക്കെ ജാഗ്രതയാണ് പുലര്‍ത്തേണ്ടതെന്ന് കാട്ടി മാര്‍ച്ചില്‍ (ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ്) ഞാന്‍ പ്രധാനമന്ത്രിയടക്കമുള്ളര്‍ക്ക് കത്തെഴുതിയിരുന്നു. എന്റെ പേരില്‍ എന്‍.എസ്.എ. ചുമത്തിയതിനെയും ഈ കത്തില്‍ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള മറുപടിയില്‍ എന്‍.എസ്.എയെക്കുറിച്ച് മാത്രം പരാമര്‍ശിച്ചു. കൊറോണയെക്കുറിച്ച് ഒരു പ്രതികരണവുമുണ്ടായില്ല.

യു.പി. പോലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയേക്കുമെന്ന് താങ്കള്‍ പേടിച്ചിരുന്നോ ?

ശരിക്കും പേടിയുണ്ടായിരുന്നു. യു.പി. പോലിസിന്റെ ചരിത്രമറിയാവുന്ന ആരും പേടിച്ചുപോവും. ഇവിടെ എന്നെ സഹായിച്ചത് മുംബൈയിലെ മജിസ്ട്രേറ്റാണ്. മുംബൈയില്‍ എന്നെ അറസ്റ്റ് ചെയ്ത ശേഷം യു.പി. പോലിസ് സ്ഥലത്തെ മജിസ്ട്രേറ്റിനു മുന്നില്‍ കൊണ്ടുപോയപ്പോള്‍, എന്റെ പേടി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. റിമാന്റ് ഉത്തരവില്‍ അത് അദ്ദേഹം രേഖപ്പെടുത്തി. ജീവാപായമുണ്ടാവുമെന്ന് ഞാന്‍ പേടിക്കുന്നുണ്ടെന്നാണ് മജിസ്ട്രേറ്റ് എഴുതിയത്. ഇത് യു.പി. പോലിസിന് വലിയ താക്കീതായി. എനിക്കെന്തെങ്കിലും പറ്റിയാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവുമായിരുന്നില്ല.

ജയില്‍മോചിതനായ ശേഷം താങ്കള്‍ കുടുംബവുമൊത്ത് രാജസ്ഥാനിലേക്കാണ് പോയത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് ഇതിന് സഹായിച്ചതെന്ന് കേട്ടിരുന്നു?

സെപ്റ്റംബര്‍ ഒന്നിന് എന്നെ മോചിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും മഥുര ജയിലധികൃതര്‍ അന്ന് രാത്രിയായിട്ടും എന്നെ മോചിപ്പിച്ചിരുന്നില്ല. ഇതെന്റെ വീട്ടുകാരെ പേടിപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കാണ് കോണ്‍ഗ്രസില്‍ യു.പിയുടെ ചുമതലയുള്ളത്. വീട്ടുകാര്‍ അവരുമായി ബന്ധപ്പെട്ടു. എന്റെ ജയില്‍ മോചനം വൈകിപ്പിക്കരുതെന്ന് പ്രിയങ്ക പ്രസ്താവന ഇറക്കി. അതിനുശേഷം പ്രിയങ്കയാണ് എന്റെ വീട്ടുകാരോട് ജയ്പൂരിലേക്ക് പോകാന്‍ പറഞ്ഞത്. എന്നെ തടവിലിട്ടിരുന്ന ജയിലില്‍നിന്ന് 20 മിനിറ്റ് യാത്ര ചെയ്താല്‍ ജയ്പൂരിലെത്താം. അവിടെ എനിക്കും കുടുംബത്തിനുമുള്ള താമസം പ്രിയങ്കയാണ് ഏര്‍പ്പാടാക്കിയത്. രാജസ്ഥാന്‍ പോലീസിന്റെ സുരക്ഷയും ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്.

എന്താണ് ഭാവി പരിപാടികള്‍? കോണ്‍ഗ്രസില്‍ ചേര്‍ന്ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുണ്ടോ?

കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം ഇപ്പോള്‍ എന്റെ ആലോചനയിലില്ല. അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. പ്രിയങ്ക ഗാന്ധി എന്നോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ സംസാരിച്ചിട്ടുള്ളു. യു.പിയിലേക്ക് തിരിച്ചുപോകുകയാണ് എന്റെ ലക്ഷ്യം.

ഗൊരക്പൂരിലേക്ക് തിരിച്ചുപോകുമെന്നാണോ താങ്കള്‍ പറയുന്നത്?

അതെ. അവിടെയാണ് എന്റെ വീട്. എന്റെ സഹോദരനും കുടുംബവും ഇപ്പോള്‍ അവിടെയുണ്ട്. എന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോകുന്നതില്‍നിന്നും ആര്‍ക്കും എന്നെ തടയാനാവില്ല. മെഡിക്കല്‍ കോളേജ് സര്‍വ്വീസിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. എന്നോടൊപ്പം സസ്പെന്റ് ചെയ്ത എട്ട് പേരെയും ജോലിയില്‍ തിരിച്ചെടുത്തു. വകുപ്പ് തല അന്വേഷണത്തില്‍ എനിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ല. എന്നെ തിരിച്ചെടുക്കുന്നില്ലെങ്കില്‍ ഞാന്‍ കോടതിയെ സമീപിക്കും.

യു.പി. സര്‍ക്കാര്‍ താങ്കളോട് അനുകൂല നയം സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ?

ഇല്ല. പക്ഷേ, ഭരണകൂടത്തെ ഞാന്‍ പേടിക്കുന്നില്ല. അവരെന്നെ വീണ്ടും ജയിലിലടച്ചേക്കാം. അതൊന്നും പക്ഷേ, എന്റെ തിരിച്ചുപോക്കിനെ തടയില്ല.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താങ്കളുടെ മണ്ഡലത്തില്‍നിന്നുള്ളയാളാണ്. എപ്പോഴെങ്കിലും അദ്ദേഹവുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടോ?

ഒരു തവണ മാത്രമേ അതുണ്ടായിട്ടുള്ളു. ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് ദുരന്തത്തിനു ശേഷം 2017 ഓഗസ്റ്റ് 13-ന് അദ്ദേഹം ആസ്പത്രി സന്ദര്‍ശിച്ചു. അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയും കൂടെയുണ്ടായിരുന്നു. അവരുടെ അടുത്തേക്ക് എന്നെ വിളിപ്പിച്ചു. ഹു ഈസ് ഡോക്ടര്‍ കഫീല്‍ ഖാന്‍ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. എന്നെ കണ്ടപ്പോള്‍ നിങ്ങളാണല്ലേ സിലിണ്ടര്‍ സംഘടിപ്പിച്ചതെന്ന് ചോദിച്ചു. ഒന്നു രണ്ട് സിലിണ്ടര്‍ സംഘടിപ്പിച്ചതുകൊണ്ട് ഹീറോ ആയെന്നാണോ കരുതുന്നതെന്നും ചോദിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു, ഞാന്‍ നോക്കട്ടെ. അതു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ ജോലിയില്‍നിന്നു സസ്പെന്റ് ചെയ്തു.

താങ്കള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ലെന്ന് പറഞ്ഞു. യു.പി. സര്‍ക്കാര്‍ താങ്കളെ ജോലിയിലേക്ക് തിരിച്ചെടുക്കാന്‍ ഇനിയും വൈകിയേക്കാം. അതുവരെ എന്താണ് താങ്കളുടെ പദ്ധതികള്‍?

ബിഹാറിലും അസമിലും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണമെന്നുണ്ട്. ഇതിനുള്ള അനുമതിക്കായി ബന്ധപ്പെട്ട സര്‍ക്കാരുകളോട് അപേക്ഷിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 103 ആരോഗ്യ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അമ്പതിനായിരത്തോളം കുട്ടികളെയാണ് ഈ ക്യാമ്പുകളില്‍ പരിശോധിച്ചത്. ജാതിയോ മതമോ ഒന്നും നോക്കിയല്ല ഈ പരിശോധനകള്‍. എന്റെ പേര് കഫീല്‍ കുമാര്‍ എന്നോ കഫീല്‍ മിശ്ര എന്നോ ആയിരുന്നാലും ഞാന്‍ ഇത് ചെയ്യുമായിരുന്നു എന്നാണ് ഞാന്‍ യു.പി. പോലീസിനോട് പറഞ്ഞത്.

രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും ചികിത്സയും നല്‍കുന്നതില്‍ വടക്കേ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ ഇപ്പോഴും പിന്നിലാണ്. ശിശു മരണനിരക്ക് നമ്മുടെ രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളിലും വളരെ കൂടുതലാണ്. കേരളത്തില്‍ ആയിരം കുട്ടികളില്‍ ആറ് പേരാണ് മരിക്കുന്നതെങ്കില്‍ യു.പിയില്‍ അത് 61 ആണ്. തൊഴിലില്ലായ്മയും പട്ടിണിയും ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളാണ്. പക്ഷേ, നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് രാമക്ഷേത്ര നിര്‍മ്മാണവും ദേശീയ പൗരത്വ ഭേദഗതി നിയമവുമാണ്. അടിസ്ഥാന പ്രശ്നങ്ങള്‍ നേരിടാതെ ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ വിഭജിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ഞാന്‍ ഒരു ഡോക്ടറാണ്, കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍. എന്റെ പ്രവര്‍ത്തന മേഖലയില്‍ തുടരാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അതില്‍നിന്ന് എന്നെ തടയാന്‍ ഒരു ഭരണകൂടത്തിനുമാവില്ല.

ജയിലില്‍ കിടക്കുമ്പോള്‍ ഞാന്‍ പ്രത്യാശ വെടിഞ്ഞിരുന്നില്ല. കാരണം ഞാന്‍ നിരപരാധിയാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഒരു തെറ്റും ചെയ്യാത്ത എനിക്ക് നീതി ലഭിക്കുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. ഒടുവില്‍ അതിമനോഹരമായ ഒരു വിധിയിലൂടെ അലഹാബാദ് ഹൈക്കോടതി എന്നെ മോചിപ്പിച്ചു. യു.പിയില്‍ മാത്രം എന്‍.എസ്.എ. ചുമത്തപ്പെട്ട് 146 പേര്‍ ജയിലിലുണ്ട്. ഇവരുടെ മോചനത്തിനും ഈ വിധി വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഞാന്‍ ദൈവവിശ്വാസിയാണ്. ജയില്‍മോചിതനായ എനിക്കായി ദൈവത്തിന് ദൈവത്തിന്റേതായ പദ്ധതികളുണ്ടാവും. എന്റെ രാജ്യസ്േനഹം ഞാന്‍ എന്റെ കുപ്പായത്തിനു മുകളില്‍ ധരിക്കേണ്ട ഒന്നല്ല. അതെന്റെ ഉള്ളിലുള്ളതാണ്. കോണ്‍ഗ്രസ് മാത്രമല്ല, സമാജ്വാദി പാര്‍ട്ടിയും എന്‍,സി,പിയും ഇടതുപക്ഷവും എന്നെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ പിന്തുണ എനിക്കുണ്ട്. അതുകൊണ്ടുതന്നെ യു,പി, ഭരണകൂടത്തെ എനിക്ക് പേടിയില്ല.

Content Highlights: Will go back to Uttar Pradesh and don't afraid of State, says Dr. Kafeel Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented