അഗർത്തല: ബിജെപി എന്ന വൈറസിനുള്ള ഏക വാക്സിൻ മമത ബാനർജിയാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തിരവനുമായ അഭിഷേക് ബാനർജി. 2023ലെ ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഗർത്തലയിൽ നടന്ന റാലിയിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ തൃണമൂൽ വിട്ട് ബിജെപിയിൽ പോയ പശ്ചിമ ബംഗാൾ മുൻ മന്ത്രി റജിബ് ബാനർജിയും ത്രിപുര ബിജെപി എംഎൽഎ ആശിഷ് ദാസും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അഭിഷേക് ബാനർജി ത്രിപുരയിൽ സംഘടിപ്പിച്ച റാലിയിൽ വെച്ചായിരുന്നു ഇരുവരും തൃണമൂലിൽ ചേർന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ നേരത്തെ മൂന്ന് തവണ റദ്ദ് ചെയ്ത റാലിയ്ക്ക് പിന്നീട് കോടതി അനുമതി നൽകിയിരുന്നു. ഈ റാലിയിൽ വെച്ചായിരുന്നു ഇരുവരും തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. 2011 - 2016 മമതാ ബാനർജി മന്ത്രി സഭയിലെ മന്ത്രിയായിരുന്നു റജിബ് ബാനർജി. 

ത്രിപുരയിലെ വലതിനെ ഇടതിനേയും ഒന്നിച്ച് ഇല്ലായ്മ ചെയ്യുമെന്നും ഇവിടെ ബംഗാൾ ആവര്‍ത്തിക്കുമെന്നും അഭിഷേക് ബാനർജി പറഞ്ഞു. 2023ലാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടക്കുകയാണ്. 

ഇന്നലെ വൈകുന്നേരമാണ് ത്രിപുര ഹൈക്കോടതി റാലിയ്ക്ക് അനുമതി നൽകിയത്. ഒരേ സമയം 500 പേരിലധികം പേര്‍ റാലിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Content Highlights: Will Finish Both Left And Right, Says Trinamool In Tripura