കങ്കണാ റണാവത്ത്| Photo: ANI
ന്യൂഡല്‍ഹി: സിഖുകാര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നടി കങ്കണാ റണാവത്ത് ജയിലിലാകുന്നതുവരെ പോരാട്ടം തുടരുമെന്ന് ശിരോമണി അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മഞ്ജിന്ദര്‍ സിങ് സിര്‍സ.
ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ഷകര്‍ക്കും സിഖുകാര്‍ക്കുമെതിരെ വിദ്വേഷം പടര്‍ത്തുന്നതിന് കങ്കണയെ ജയിലില്‍ അടയ്ക്കുംവരെ നമ്മള്‍ ഈ പോരാട്ടം തുടരും- സിര്‍സ ട്വീറ്റില്‍ വ്യക്തമാക്കി. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കങ്കണയ്‌ക്കെതിരെ ഇന്നലെ മുംബൈ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു.
കങ്കണ ഇന്‍സ്റ്റാഗ്രാമിലൂടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'ഖാലിസ്താനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു സ്ത്രീയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും അവര്‍ ഖാലിസ്താനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു. സ്വന്തം ജീവന്‍തന്നെ അതിന് വിലയായി നല്‍കേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത് ', എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആരും നിയമത്തിന് അതീതരല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ചീത്ത പറയുന്നതിലൂടെയും രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിലൂടെയും സ്വാതന്ത്ര്യം വ്യാജമാണെന്ന് പറയുന്നതിലൂടെയും വിവിധ സമൂഹങ്ങളുടെ വികാരങ്ങളെയാണ് കങ്കണ വ്രണപ്പെടുത്തുന്നതെന്ന് മാലിക് പറഞ്ഞു. ചിലരെ അവര്‍ ഭീകരര്‍ എന്നു വിളിച്ചു. ചിലരെ കൊതുകുകളെന്ന് വിളിച്ചു. ഇത് അംഗീകരിക്കാനാവില്ല. തീര്‍ച്ചയായും ആരും നിയമത്തിന് അതീതരല്ല. അവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയുണ്ടോ എന്നതൊന്നും വിഷയമല്ല, മാലിക് പറഞ്ഞു.
content highlights: will fight until kangana put behind bars- Manjinder Singh Sirsa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..