ന്യൂഡല്‍ഹി: അവസാന ശ്വാസംവരെ സത്യത്തിനുവേണ്ടി പോരാടുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ച നവജ്യോത്‌ സിങ് സിദ്ദു. ബുധനാഴ്ച ട്വീറ്റ്ചെയ്ത വീഡിയോയിലാണ് അവകാശവാദം. വ്യക്തിപരമായ പോരാട്ടമല്ല നടത്തുന്നത്. ആദര്‍ശത്തിന് വേണ്ടിയുള്ളതാണ്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. കറപുരണ്ട മന്ത്രിമാരെ വീണ്ടും മന്ത്രിസഭയില്‍ എടുത്തതിനെ അംഗീകരിക്കില്ലെന്നും സിദ്ദു പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ അനുവദിച്ചതില്‍ സിദ്ദുവിന് അതൃപ്തിയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. റാണ ഗുര്‍ജിത് സിങ്ങിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതുതന്നെ സിദ്ദുവിനെ ചൊടിപ്പിച്ചിരുന്നു. മണല്‍ കടത്ത് വിവാദത്തെ തുടര്‍ന്ന് 2018 ല്‍ അദ്ദേഹം അമരീന്ദര്‍ സിങ്‌ മന്ത്രിസഭയില്‍നിന്ന് രാജിവച്ചിരുന്നു. പിന്നീട് അന്വേഷണ സമിതി അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കി. ഉപമുഖ്യമന്ത്രി എസ്.എസ് രണ്‍ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിലും സിദ്ദുവിന് എതിര്‍പ്പ് ഉണ്ടായിരുന്നുവെന്നാണ് വിവരം. അമരീന്ദര്‍ രാജിവച്ചതിന് ശേഷം രണ്‍ധാവയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും നീക്കത്തെ സിദ്ദു എതിര്‍ത്തിരുന്നു.

ചരണ്‍ജിത് സിങ് ചന്നിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വകുപ്പുകള്‍ അനുവദിച്ചതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് സിദ്ദു പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ചത്. സിദ്ദുവിനു പിന്നാലെ പുതിയ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും രാജിവെച്ചിരുന്നു. സിദ്ദുവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഇതെന്ന് മുഖ്യമന്ത്രിക്കയച്ച രാജിക്കത്തില്‍ അവര്‍ വ്യക്തമാക്കി. സിദ്ദുവിന്റെ അടുത്ത അനുയായിയാണ് റസിയ. ഭര്‍ത്താവും മുന്‍ ഐ.പി.എസ്. ഓഫീസറുമായ മുഹമ്മദ് മുസ്തഫ സിദ്ദുവിന്റെ മുഖ്യ ഉപദേഷ്ടാവുമാണ്.

മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ രാജിയിലേക്ക് നയിച്ചത് സിദ്ദുവിന്റെ നീക്കങ്ങളാണ്. തുടര്‍ന്നാണ് ചന്നി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കിനില്‍ക്കെ ആയിരുന്നു മാറ്റങ്ങള്‍.

അതിനിടെ, സ്ഥിരതയില്ലാത്ത ആളാണ് സിദ്ദുവെന്നും അതിര്‍ത്തിസംസ്ഥാനമായ പഞ്ചാബിന് അദ്ദേഹം തീരെ യോജിച്ചയാളല്ലെന്നും മുന്‍മുഖ്യമന്ത്രി അമരീന്ദര്‍സിങ് ട്വിറ്ററിലൂടെ പ്രതികരിച്ചു. അമരീന്ദര്‍ രാജിവെച്ചതിനുശേഷം ഡല്‍ഹിയിലെത്തിയ ദിവസംതന്നെയാണ് സിദ്ദു രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ ജൂലായില്‍ ആയിരുന്നു സിദ്ദു പഞ്ചാബ് പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റത്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദറിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടായിരുന്നു സിദ്ദുവിന്റെ നിയമനം. 

Content Highlights: Will fight for truth till last breath - Sidhu in video message