മമതാ ബാനർജി |ഫോട്ടോ:PTI
കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും കക്ഷിചേരാനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഏതാനും ഉപതിരഞ്ഞെടുപ്പുകളിലെയും ഫലം പുറത്തുവന്നതിനു പിന്നാലെയാണ് പ്രതിപക്ഷ ഐക്യശ്രമത്തിന് തിരിച്ചടിയാകുന്ന മമതയുടെ പ്രസ്താവന.
2024-ലെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് ജനങ്ങളുമായാണ് സഖ്യം. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ജങ്ങളുടെ പിന്തുണയോടെ ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കും. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നീ മൂന്നുകക്ഷികളെയും ഒരുമിച്ച് പരാജയപ്പെടുത്താന്‍ കഴിയുന്നത് തൃണമൂലിന് മാത്രമാണെന്നും അവര്‍ പറഞ്ഞു.
ബിജെപിയുമായി സിപിഎമ്മിനും കോണ്‍ഗ്രസിനും ധാരണകളുണ്ടെന്ന് മമത ആരോപിച്ചു. അങ്ങനെയുള്ള അവിശുദ്ധ സഖ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിയെ എതിര്‍ക്കാനാകുന്നത്? എങ്ങനെയാണ് ബിജെപി വിരുദ്ധരാണെന്ന് അവര്‍ക്ക് അവകാശപ്പെടാനാകുന്നത്?, മമത ചോദിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ബംഗാളിലെ സാഗര്‍ദിഖി നിയമസഭാ മണ്ഡലം കോണ്‍ഗ്രസ് തൃണമൂലില്‍നിന്ന് പിടിച്ചെടുത്ത സാഹചര്യത്തിലായിരുന്നു മമതയുടെ പ്രസ്താവന.
സാഗര്‍ദിഖിയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ബിജെപിയും വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് മമത ആരോപിച്ചു. ബിജെപി പ്രത്യക്ഷമായി വര്‍ഗീയത പറഞ്ഞു, സിപിഎമ്മും കോണ്‍ഗ്രസും മറ്റൊരുവിധത്തില്‍ വര്‍ഗീയത ഉപയോഗിച്ചു. ബിജെപിയുമായി ഈ രണ്ട് കക്ഷികളും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തൃണമൂലിന് അങ്ങനെചെയ്യാന്‍ ഒരിക്കലും സാധിക്കില്ല, മമത പറഞ്ഞു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന്, മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കോണ്‍ഗ്രസും ഡിഎംകെയും കഴിഞ്ഞാൽ ലോക്സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് തൃണമൂൽ കോണ്‍ഗ്രസ്. ഈ നിലയ്ക്ക്, വിശാല പ്രതിപക്ഷ ഐക്യത്തിൽ മമതയുടെ സഹകരണത്തിന് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്.
Content Highlights: Will Fight Alone; Mamata Banerjee Rules Out Any Alliance For 2024 election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..