മുംബൈ: എല്ലാ രാഷ്ട്രീയ കൊടുങ്കാറ്റുകളേയും നേരിടുമെന്നും അതോടൊപ്പം തന്നെ കൊറോണ വൈറസിനോടും പൊരുതുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സുശാന്ത്, കങ്കണ റണാവത്ത് വിഷയങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് താക്കറെയുടെ പ്രതികരണം.  

"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലാണ്, അതോടൊപ്പം തന്നെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയേയും ഞങ്ങള്‍ നേരിടും. സംസ്ഥാനത്ത് ഏത് കൊടുങ്കാറ്റുണ്ടായാലും അത് പ്രകൃതിക്ഷോഭമായാലും രാഷ്ട്രീയ കൊടുങ്കാറ്റായാലും സര്‍ക്കാര്‍ അതിനെതിരേ പോരാടും."-താക്കറെ പറഞ്ഞു.

നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ മുതല്‍ കടുത്ത ആക്രമണങ്ങളാണ് സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ കങ്കണ റണാവത്ത് വിഷയവും ഏറെ ചര്‍ച്ചയായിരുന്നു.