ഭോപ്പാൽ: ലൗ ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. സർക്കാരിന് ഒരു മതങ്ങളോടും വിവേചനമില്ല. എന്നാൽ ആരെങ്കിലും നമ്മുടെ പെൺമക്കളോട് അപ്രിയമായ എന്തെങ്കിലും ചെയ്താൽ അവരെ തകർക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ മുന്നറിയിപ്പ് നൽകി.
'സർക്കാർ എല്ലാവർക്കുമുള്ളതാണ്, എല്ല മതങ്ങൾക്കും ജാതികൾക്കും. ഇവിടെ ഒരു വിവേചനവുമില്ല. എന്നാൽ ആരെങ്കിലും നമ്മുടെ പെൺമക്കളോട് അപ്രിയമായ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ഞാൻ അവരെ തകർക്കും. ആരെങ്കിലും മതപരിവർത്തനത്തിന് ഗൂഢാലോചന നടത്തുകയോ അല്ലെങ്കിൽ ലൗ ജിഹാദ് പോലുള്ള എന്തിനെങ്കിലും ശ്രമിക്കുകയോ ചെയ്താൽ അവർ നശിപ്പിക്കപ്പെടും - ചൗഹാൻ പറഞ്ഞു.
വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സർക്കാർ പ്രത്യേക നിയമ നിർമാണത്തിനുള്ള കരട് ബിൽ തയ്യാറാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മതപരിവർത്തനത്തിന് ശ്രമിക്കുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമം പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
മതപരിവർത്തനം തടയാൻ അടുത്തിടെ യു.പി സർക്കാർ പ്രത്യേക നിയമം പാസാക്കിയിരുന്നു. മധ്യപ്രദേശിന് പുറമേ ബിജെപി അധികാരത്തിലുള്ള ഹരിയാണ, കർണാടക, ബിഹാർ എന്നീ സംസ്ഥാനങ്ങളും ഇതിനെതിരേ നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.
content highlights:Will Destroy Those Plotting Love Jihad": Madhya Pradesh Chief Minister