ന്യൂഡല്‍ഹി: 2022ലെ ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഉത്തര്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അഴിമതി രഹിത സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മൂന്നുവട്ടം സര്‍ക്കാര്‍ രൂപവത്കരിച്ചു. പഞ്ചാബില്‍ പ്രധാന പ്രതിപക്ഷമായി മാറാനും ആപ്പിന് സാധിച്ചു. എന്നാല്‍ ഇന്ന് ഞാന്‍ ഒരു പ്രധാന പ്രഖ്യാപനം നടത്താന്‍ ആഗ്രഹിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി 2022ലെ ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും- കെജ്‌രിവാള്‍ പറഞ്ഞു.

ഇന്ന്, ആരോഗ്യവും വിദ്യാഭ്യാസവും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് വരാന്‍ ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന് ഏറ്റവും വികസിതമായ സംസ്ഥാനമായി മാറാനാവില്ലേ- വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് കെജ്‌രിവാള്‍ ആരാഞ്ഞു.

യു.പിയിലെ വൃത്തികെട്ട രാഷ്ട്രീയവും അഴിമതിക്കാരായ നേതാക്കളുമാണ് സംസ്ഥാനത്തിന്റെ വികസനത്തിന് തടയിടുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവസരം നല്‍കി. എന്നാല്‍ എല്ലാ സര്‍ക്കാരുകളും അഴിമതിയില്‍ പുതിയ റെക്കോഡുകള്‍ സ്ഥാപിച്ചു- കെജ്‌രിവാള്‍ വിമര്‍ശിച്ചു.

content highlights: will contest in 2022 uttar pradesh legislative assembly election says kejriwal