കോണ്‍ഗ്രസ്സില്‍ ഒരു അനക്കം കാണുന്നുണ്ട്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തിനു ശേഷം ആദ്യമായാണ് പാര്‍ട്ടിയെ സജീവമാക്കണമെന്ന് 23 കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു തോന്നിയത്. വൈകിയാണെങ്കിലും, ഏറെ സേേങ്കാചത്തോടു കൂടിയാണെങ്കിലും അത്രയെങ്കിലും 'സാഹസം' കാണിച്ചതിന് അവരെ അനുമോദിക്കണം. കത്തുകൊണ്ട് ഫലമുണ്ടായില്ല എന്നാണ് വാര്‍ത്താ വിശകലനങ്ങളുടെ നിഗമനം. കത്തെഴുതിയവര്‍ വിമര്‍ശിക്കപ്പെട്ടു, കത്ത് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഒന്നുകൂടി ശക്തരാക്കി എന്നൊക്കെയാണ് മാധ്യമങ്ങളില്‍ കണ്ടത്. സംഗതി ശരിയാണ്. കത്ത് കണ്ട് അഹമ്മദ് പട്ടേല്‍ രോഷാകുലനായി. കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയവര്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്ന് അംബിക സോണി ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയും തന്റെ അതൃപ്തി പ്രകടിപ്പിച്ചു.

കത്തില്‍ ഒപ്പുവെക്കുകയോ പിന്തുണക്കുകയോ ചെയ്ത പല നേതാക്കള്‍ക്കും തങ്ങള്‍ക്ക് അമളി പറ്റി എന്നു തോന്നി. കത്ത് സോണിയ ഗാന്ധിക്കെതിരെ അല്ല എന്നവര്‍ പറഞ്ഞു. അവര്‍ പറഞ്ഞത് അസത്യമല്ല. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന, സ്ഥിരം പ്രസിഡന്റ് വേണമെന്നാണ് അവര്‍ കത്തില്‍ എഴുതിയത്. നേതൃത്വം പ്രവര്‍ത്തനരംഗത്ത് പ്രത്യക്ഷവും സജീവവും ആയിരിക്കണം. പാര്‍ട്ടിയെ സജീവവും കാര്യക്ഷമവും ആക്കുന്നതിന്ന് കൂട്ടായ നേതൃത്വം വേണമെന്നും പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി സത്യസന്ധമായ ആത്മപരിശോധന വേണമെന്നും ആണ് അവര്‍ ആവശ്യപ്പെട്ടത്. സോണിയ,   രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കെതിരെ ഒരു വാക്കു പോലും കത്തിലില്ല.

ജനാധിപത്യം

2019-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറെറുത്തു കൊണ്ട് രാഹുല്‍ ഗാന്ധി രാജിവെക്കുകയും രാജി പിന്‍വലിക്കണമെന്ന ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങാതിരിക്കുകയും  ചെയ്തപ്പാഴാണ് സോണിയ ഗാന്ധി തന്റെ അനാരോഗ്യത്തെ  അവഗണിച്ചുകൊണ്ട് ഇടക്കാല പ്രസിഡന്റായി ചുമതലയേററത്. രാഹുലിന്റെ മനസ്സു മാറുമ്പാള്‍ പ്രസിസന്റ് പദവി തിരിച്ച് ഏല്‍പിക്കാമെന്നാണവര്‍ മനസ്സിലിട്ടത്. 

ഒരു വര്‍ഷം കഴിഞ്ഞിട്ടും രാഹുല്‍ തയാറാവുന്നില്ല.. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ള ഒരു നേതാവ് പ്രസിഡന്റാവട്ടെ എന്നു ഒന്നിലേറെ തവണ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. നെഹ്‌റു കുടുംബം നോമിനേറ്റു ചെയ്തവരായതു കൊണ്ടാവണം ഒരു കോണ്‍ഗ്രസ്സ് നേതാവും തയാറായില്ല. സ്വയം മുന്നോട്ടു വരുന്ന തന്റേടം പോകട്ടെ, പ്രസിഡന്റ് സ്ഥാനത്തേക്കു മറ്റൊരു പേരു പറയാന്‍ പോലും  ആരും തയാറല്ല. ഇക്കാര്യം എല്ലാവരെക്കാള്‍ നന്നായി മനസ്സിലാക്കുന്നത് സോണിയ ഗാന്ധിയാണ്. പക്ഷെ കത്തിനെ ചൊല്ലിയുള്ള വിവാദത്തിനിടയില്‍ അഹമ്മദ് പട്ടേല്‍  അവകാശപ്പെട്ടു- 'നമ്മുടേത് ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. സുതാര്യമായ പാര്‍ട്ടിയാണ്.' 

അനിശ്ചിതത്വം

പാര്‍ട്ടിയിലെ അസഹനീയമായ അനിശ്ചിതത്വത്തിന്റെ പാശ്ചാത്തലത്തിലാണ് ഏതാനും നേതാക്കള്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റിന് കത്തെഴുതാന്‍ നിര്‍ബന്ധിതരായത്. കാര്യക്ഷമമായ നേതൃത്വമില്ലായ്മ മൂലമുള്ള പാര്‍ട്ടിയുടെ തളര്‍ച്ച അണികളുടെ ആത്മവീര്യം കെടുതന്നതാണ്. ഇതിനിടയില്‍ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും പാര്‍ട്ടി നേടിയ വിജയം കോണ്‍ഗ്രസ്സുകള്‍ക്ക് ആവേശം പകരുന്നതായിരുന്നു. പക്ഷെ,  ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച് വിജയിപ്പിച്ചിട്ടും മദ്ധ്യപ്രദേശില്‍ ആ വിജയം കയ്യില്‍ നിര്‍ത്തവാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. 

കോണ്‍ഗ്രസ്സിന്റെ തിളക്കമുള്ള നേതാകളിലൊരാളായിരുന്ന ജ്യോതിരാദിത്യസിന്ധ്യയോടൊപ്പം 22 എം.എല്‍.എമാരാണ് ബി..ജെ.പി. പക്ഷത്തേക്കു പോയത്. ജനങ്ങള്‍ ജയിപ്പിച്ചത് കോണ്‍ഗ്രസ്സിനെ, സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക്. ഗോവയിലും മണിപ്പൂരിലും ഇതു തന്നെയാണ് സംഭവിച്ചത്. കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂറു മാറുന്നു, ബി.ജെ.പി സര്‍ക്കാരുണ്ടാക്കുന്നു. രാജസ്ഥാനിലും കോണ്‍ഗ്രസ്സിന്റെ മറ്റൊരു തിളക്കമാര്‍ന്ന നേതാവ് സചിന്‍ പൈലറ്റ്  17 എം.എല്‍.എമാരെ കൂടെയെടുത്ത് അട്ടിമറിക്കു ശ്രമിച്ചു. ബി.ജെ.പി. അത്ര താല്പര്യമെടുക്കാത്തതു കൊണ്ട് അശോക് ഗഹലോട്ട് രക്ഷപ്പെട്ടു എന്നേ പറയാനാവൂ.  കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ജെ.ഡി.എസ്സിനു മുഖ്യമന്ത്രിപദം നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് ത്യാഗം ചെയ്തിട്ടും സ്വന്തം എം.എല്‍.എമാര്‍ കൂറു മാറിയ കാരണം ഭരണം നഷ്ടപ്പെട്ടു. ജനങ്ങള്‍ ജയിപ്പിച്ചാലും ആ ജയം സൂക്ഷിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയുന്നില്ല എന്ന ചര്‍ച്ച കോണ്‍ഗ്രസ്സുകാരുടെ ആത്മവീര്യം കെടുത്തി. 

എന്തു കൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയിലേക്കു ചാടാന്‍ താല്പര്യം കാണിക്കുന്നത്? ബി.ജെ.പിയുടെ പ്രലോഭനത്തെക്കാളേറെ കോണ്‍ഗ്രസ്സ് നേതൃത്വത്തിലെ നിഷ്‌ക്രിയതയും പിഴവുകളുമാണ് ഇതിന്നു കാരണം എന്നു കാണാം. അണികള്‍ക്കു ആത്മവിശ്വാസം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയുന്നില്ല. കോണ്‍ഗ്രസ്സ് ഇനി ഭരണത്തിലെക്കു തിരിച്ചുവരില്ല എന്നു ഭയക്കുന്ന നേതാക്കള്‍ ഏറെയുണ്ട്. ഇതില്‍ ചിലര്‍ ആദായ നികുതി വകുപ്പിന്റെയും സി.ബി.ഐയുടെയും റെയ്ഡുകളെ ഭയപ്പെടുന്നവരാണ്. മറ്റു ചിലര്‍ അടുത്ത തവണയും എം.എല്‍.എയോ എം.പിയോ  ആകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഭരണം തിരിച്ചുപിടിക്കാന്‍ പ്രാപ്തിയുള്ള നേതൃത്വത്തെ അവര്‍ കോണ്‍ഗ്രസ്സില്‍ കാണുന്നില്ല. പിന്നെ തങ്ങള്‍ക്കു അര്‍ഹമായ അംഗീകാരം പാര്‍ട്ടിയില്‍ ലഭിക്കുന്നില്ലെന്ന പരിഭവം. 

പാര്‍ട്ടിയുടെ അവസ്ഥയില്‍ നല്ലൊരു ശതമാനം നേതാക്കള്‍ നിരാശരാണ്. അവര്‍ ദു:ഖവും പ്രതിഷ്രധവും പങ്കുവെക്കുന്നുവെങ്കിലും പുറത്ത് സംസാരിക്കാന്‍ അവര്‍ മടിക്കുന്നു. പൂച്ചക്ക് ആരു മണികെട്ടും എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് പശ്ചാത്തലം. പക്ഷെ, ആ പശ്ചാത്തലത്തെ മറികടക്കാന്‍ ഈ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു കഴിഞ്ഞുവെന്നത് കോണ്‍ഗ്രസ്സിന്നകത്ത് ചെറിയ കാര്യമല്ല. അഹമ്മദ് പട്ടേലിന്നു ദേഷ്യം വന്നത് വെറുതെയല്ല. കത്ത് പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ എഴുതിയവരും പിന്തുണച്ചവരും സോണിയാ ഗാന്ധിയില്‍ വിശ്വാസം ആവര്‍ത്തിച്ചുറപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു. 

അവഗണന അപകടകരം 

എങ്കിലും കത്തിലെ ആവശ്യങ്ങളില്‍ ഉറച്ചു നിന്നവര്‍ കുറവല്ല. അവരെ സംബന്ധിച്ചേടത്തോളം  ഇതൊരു തുടക്കമാണ്. അവരത് വളരെ പ്രയാസപ്പെട്ട് തുടങ്ങിയതാണ്. നനഞ്ഞു കഴിഞ്ഞു. ഇനി കുളിച്ചിട്ട് കയറാം എന്ന മാനസികാവസ്ഥയിലേക്ക് അവര്‍ എത്തിയക്കാം. അംബിക സോണി പറഞ്ഞ പോലെ അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുക അത്ര എളുപ്പമല്ല. അംബിക സോണിയും അത്ര ഗൗരവമായി പറഞ്ഞതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അതു കേട്ട് കത്തെഴുതിയവര്‍ പേടിക്കുമെന്ന് അവര്‍ കരുതുന്നുണ്ടാവില്ല. 

ബി.ജെ.പിയുമായുള്ള ഗൂഢാലോചനയാണ് ഈ കത്ത് എന്ന് രാഹുല്‍ ഗാന്ധി കുററപ്പെടുത്തിയതായി പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനിടക്കു ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. അങ്ങിനെ ഒരു ഗൂഢാലോചന ഇല്ലെന്ന് കപില്‍ സിബല്‍  തിരക്കിട്ട് ടിറ്ററില്‍ എഴുതുകയും പിന്നീട് രാഹുല്‍ നിഷേധിച്ചപ്പോള്‍ തിരക്കിട്ടു തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിക്കു സൗകര്യം നെഹ്‌റു കുടുംബം തുടരുന്നതാണ് എന്ന് കോണ്‍പ്രസ്സുകാര്‍ തന്നെ തമ്മില്‍ പറയുന്നുണ്ട്.

വെല്ലുവിളികള്‍ നേരിടാന്‍ ഉചിതമെന്നു തോന്നുന്ന സംഘടനാമാറ്റങ്ങള്‍ക്ക് പ്രവര്‍ത്തക സമിതി കോണ്‍ഗ്രസ്സ് പ്രസിഡന്റിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. അങ്ങിനെയൊരു അധികാരപ്പെടുത്തല്‍ ഇല്ലാതെ തന്നെ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റിന് അധികാരമുണ്ട്. സ്ഥിരം പ്രസിഡന്റിനെ എപ്പോഴത്തേക്കു തെരഞ്ഞെടുക്കും എന്ന കാര്യം വ്യക്തമല്ല. പാര്‍ട്ടിയിലെ അഭ്യന്തര പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലൂടെയോ  പൊതുവേദികളിലുടെയോ അല്ല ചര്‍ച്ച ചെയ്യണ്ടത് എന്ന താക്കീത് കത്തെഴുതിയവര്‍ക്കു നല്‍കാന്‍ പ്രവര്‍ത്തക സമിതി മറന്നില്ല. പക്ഷെ, ഇനി ഏറെ ചര്‍ച്ചകള്‍ വരാന്‍ പോകുന്നത് മാധ്യമങ്ങളില്‍ ആയിരിക്കും. 
   
കത്തില്‍ ഉന്നയിച്ച ആശങ്ക പരിഹരിക്കപ്പെടുന്നില്ലെങ്കില്‍  കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കും. കത്തിലുന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ നേതൃത്വം  തയാറവുന്നില്ലെങ്കില്‍  കോണ്‍ഗ്രസ്സില്‍ പുതിയ പിളര്‍പ്പ് ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ചരിത്രം അതാണ് ചൂണ്ടിക്കാട്ടുന്നത്. ഈ കത്ത് ഒരു നേതാവിനെ തിരയുന്നുണ്ട് എന്ന കാര്യം അവഗണിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനാവില്ല.

Content Highlights: