മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്‌നവിസിനെ അഭിനന്ദിക്കുന്ന പ്രമേയം മഹാരാഷ്ട്രാ നിയമസഭയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഫഡ്‌നവിസ് ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന തരത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഫഡ്‌നവിസ് നടത്തിയ അവകാശവാദത്തെ ഉദ്ധവ് അടക്കമുള്ളവര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ പരിഹസിച്ചു. ഇതേത്തുടര്‍ന്നാണ് ഫഡ്‌നവിസ് തന്റെ പ്രസ്താവന ആവര്‍ത്തിച്ചത്.
തിരിച്ചെത്തുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് ഫഡ്‌നവിസ് സമ്മതിച്ചു. എന്നാല്‍ അതുസംബന്ധിച്ച ടൈം ടേബിള്‍ നല്‍കിയിരുന്നില്ല. ഒരു കാര്യം നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. നിങ്ങള്‍ കുറച്ചു സമയം കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പല പദ്ധതികളും പ്രഖ്യാപിക്കുകയും അവയുടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്നു. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ താന്‍ മടങ്ങിയെത്തും.
യോഗ്യതയ്ക്കപ്പുറം രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ വിജയിച്ചതിനാലാണ് ബിജെപിക്ക് മഹാരാഷ്ട്രയില്‍ അധികാരത്തിലെത്താന്‍ കഴിയാതിരുന്നത്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പിന്തുണച്ചത് തങ്ങളെയാണ്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് 70 ശതമാനമായിരുന്നു. എന്നാല്‍ യോഗ്യതയ്ക്കപ്പുറം കണക്കൂകൂട്ടലുകള്‍ വിജയിച്ചു. തിരഞ്ഞെടുപ്പില്‍ 40 ശതമാനം മാര്‍ക്ക് നേടിയവര്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു. ജനാധിപത്യ മര്യാദയുടെ ഭാഗമായി അത് അംഗീകരിക്കുന്നുവെന്നും ഫഡ്‌നവിസ് പറഞ്ഞു.
Content Highlights: Will come back, wait for some time - Devendra Fadnavis