ന്യൂഡല്‍ഹി: തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പരിഹസിക്കുന്നവര്‍ക്കുനേരെ ഭീഷണിയുമായി രംഗത്ത്.  തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുകയോ ഭരണകാര്യങ്ങളില്‍ ഇടപെടുകയോ സര്‍ക്കാരിനെ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

സര്‍ക്കാരിനെ പാവയ്ക്കയുമായി ഉപമിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കാലത്ത് എട്ട് മണിക്ക് ചന്തയില്‍ എത്തുന്ന പാവയ്ക്ക ഒമ്പത് മണിയാകുന്നതോടെ ആളുകളുടെ നഖത്തിന്റെ പോറലേറ്റ് വാടിപോകും. ഈ അനുഭവം തന്റെ സര്‍ക്കാരിനുണ്ടാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിമര്‍ശനത്തിലൂടെയും പരിഹാസത്തിലൂടെയും സര്‍ക്കാരിന് ഹാനിവരുത്താന്‍ ശ്രമിക്കുന്ന നഖങ്ങള്‍ ചീന്തി കളയാനും താന്‍ മടിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനോട് ബുധനാഴ്ച പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.