യോഗി ആദിത്യനാഥ്, അസദുദ്ദീൻ ഒവൈസി | Photo: PTI
ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം പ്രസിഡന്റ് അസദുദീന് ഒവൈസി. പേര് മാറ്റേണ്ടവരുടെ പേരുകളാണ് മാറ്റാന്‍ പോവുന്നതെന്ന് ഒവൈസി പ്രതികരിച്ചു. യോഗി ആദിത്യനാഥിന്റെ പേര് പരാമര്‍ശിക്കാതെയാണ് ഒവൈസിയുടെ പ്രതികരണം.
ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് കഴിഞ്ഞദിവസം യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. അടുത്തയാഴ്ച നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സാധിക്കുമോ എന്ന് ചില ആളുകള്‍ തന്നോട് ചോദിച്ചു. എന്തുകൊണ്ട് സാധിക്കില്ലെന്ന് അവരോട് താന്‍ ചോദിച്ചു. ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനര്‍നാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്.
നാടിന്റെ പേര് മാറ്റേണ്ടവര്‍ക്ക് നിങ്ങള്‍(ജനങ്ങള്‍) ഉത്തരം നല്‍കണമെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് തോന്നുന്നില്ല, ഞങ്ങള്‍ പ്രധാനമന്ത്രിയെ ആണ് തിരഞ്ഞെടുക്കുന്നത് എന്ന പ്രതീതിയാണ് ഇവിടെയുള്ളത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് മാത്രമാണ് ഒഴിവായിട്ടുള്ളതെന്നും ഒവൈസി പരിഹസിച്ചു
ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ്. നാലിന് ഫലം വരും. 150 വാര്‍ഡുകളിലാണ് മത്സരം.
Content Highlights: Will change names of those who want to rename Hyderabad to Bhagyanagar, says Asaduddin Owaisi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..