കൊല്‍ക്കത്ത: പാര്‍ട്ടിക്കകത്തെ ഉള്‍പ്പോര്‌ വ്യക്തമാക്കുകയാണ്‌ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ്‌ ജില്ലയില്‍ വെള്ളിയാഴ്‌ച നടന്ന സംഭവം. തൃണമൂല്‍ കോണ്‍ഗ്രസുകാരനായ എംഎല്‍എ സ്വന്തം പാര്‍ട്ടിയിലെ തന്നെ മറ്റൊരു എംഎല്‍എയ്‌ക്കെതിരെ ഭീഷണി മുഴക്കി. ഇരുവരും തമ്മില്‍ കുറേക്കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ്‌ ഭീഷണിയ്‌ക്ക്‌ വഴി വെച്ചതെന്ന്‌ പാര്‍ട്ടി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

ഭരത്‌പുര്‍ എംഎല്‍എയായ ഹുമയൂണ്‍ കബീറാണ്‌ പാര്‍ട്ടി പരിപാടിയ്‌ക്കിടെ രോഷാകുലനായത്‌. രജിനഗര്‍ എംഎല്‍എയായ റബിയുല്‍ അലം ചൗധരിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. തനിക്കെതിരേ തിരിഞ്ഞാല്‍ ഒരു പാഠം പഠിപ്പിക്കുമെന്നും എല്ലൊടിക്കുമെന്നുമായിരുന്നു ഭീഷണി.

"നമ്മള്‍ ഒരേ പാര്‍ട്ടിക്കാരാണ്‌, വെള്ളത്തില്‍ ജീവിക്കുമ്പോള്‍ മുതലയുമായി യുദ്ധത്തിന് വരരുത്", അദ്ദേഹം പറഞ്ഞു. രജിനഗര്‍ എംഎല്‍എയ്‌ക്ക്‌ ധാര്‍ഷ്ട്യം ആണെന്നും കബീര്‍ കുറ്റപ്പെടുത്തി.

"ധിക്കാരപൂര്‍വ്വമായ പ്രവര്‍ത്തിയാണ്‌ കബീറിന്റെ ഭാഗത്തു നിന്നുണ്ടായത്‌. പാര്‍ട്ടി ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കുന്നില്ല" - സംഭവത്തോട്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി പ്രതികരിച്ചു. കബീറിന്‌ കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

മമതാ ബാനര്‍ജിയുടെ വിശ്വസ്‌ത പോരാളി എന്ന നിലയില്‍ പാര്‍ട്ടിയുടെ തീരുമാനം എന്തു തന്നെയായാലും അതിനോട്‌ യോജിക്കുമെന്ന്‌ കബീര്‍ വാര്‍ത്താമാധ്യമങ്ങളോടു പറഞ്ഞു. 

Content Highlights: "Will Break Your Bones": Trinamool MLA Threatens Party Legislator, Gets Showcause Notice