മുഖ്യപ്രതിപക്ഷമാകും,തുടര്‍ന്ന് ഭരണംപിടിക്കും; ആദ്യലക്ഷ്യം തെലങ്കാനയും തമിഴ്നാടും


പ്രത്യേക ലേഖകൻ

അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോള്‍ തയ്യാറാക്കിയ കര്‍മപരിപാടി നടപ്പാക്കാനാണ് യോഗം തീരുമാനമെടുത്തത്

അമിത് ഷാ |ഫോട്ടോ:AFP

ഹൈദരാബാദ്: 2024-ലെ ലോക്സഭാതിരഞ്ഞെടുപ്പിനുമുമ്പ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ലക്ഷ്യമിടുന്ന 'മിഷന്‍ ദക്ഷിണേന്ത്യ 2024' പ്രവര്‍ത്തനപരിപാടിക്ക് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അംഗീകാരം.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെ ആദ്യലക്ഷ്യങ്ങള്‍ തെലങ്കാനയും തമിഴ്നാടുമാണ്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത് തെലങ്കാനയിലും എ.ഐ.എ.ഡി.എം.കെ.യുടെ ക്ഷീണം ഉപയോഗിച്ച് തമിഴ്നാട്ടിലും മുഖ്യപ്രതിപക്ഷമായി വളരുകയാണ് ആദ്യ നടപടി. തുടര്‍ന്ന് കേരളമടക്കം എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരണംനേടുമെന്ന് ഞായറാഴ്ച ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം അവകാശപ്പെട്ടു.

അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോള്‍ തയ്യാറാക്കിയ കര്‍മപരിപാടി നടപ്പാക്കാനാണ് യോഗം തീരുമാനമെടുത്തത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി.യുടെ അടുത്ത പ്രതീക്ഷയെന്ന് പ്രമേയം അവതരിപ്പിച്ച് അമിത് ഷാ അഭിപ്രായപ്പെട്ടു.

തമിഴ്നാട്, തെലങ്കാന, ആന്ധ്ര, കേരളം എന്നീ നാലുസംസ്ഥാനങ്ങളിലും പാര്‍ട്ടി വൈകാതെ ഭരണംപിടിക്കും. ആദ്യം മുഖ്യപ്രതിപക്ഷമാവുക, തുടര്‍ന്ന് ഭരണം പിടിക്കുക എന്ന വിവിധസംസ്ഥാനങ്ങളില്‍ പ്രയോഗിച്ചുവിജയിപ്പിച്ച തന്ത്രമാണ് ദക്ഷിണേന്ത്യക്കായി തയ്യാറാക്കിയിരിക്കുന്നത്. ബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും സ്വാധീനം വ്യാപിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവകാലത്ത് ഇന്ത്യ വിശ്വഗുരുവായി മാറുമെന്ന് പ്രമേയം അവകാശപ്പെട്ടു.

യോഗത്തില്‍ ദക്ഷിണേന്ത്യാദൗത്യം സംബന്ധിച്ച് വിശദമായ ചര്‍ച്ചനടന്നെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ പറഞ്ഞു. അടുത്ത 30-40 വര്‍ഷങ്ങള്‍ ബി.ജെ.പി.യുടേതാണെന്ന് പ്രമേയം അഭിപ്രായപ്പെട്ടതായി ഹിമന്ദ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കേരളം, ബംഗാള്‍, തെലങ്കാന: അഭിനന്ദനം
: രാഷ്ട്രീയ എതിരാളികളുടെ ആക്രമണം ഏറ്റുവാങ്ങിയിട്ടും പിന്തിരിയാതെ ശക്തമായി പ്രവര്‍ത്തിക്കുന്ന കേരളം, തെലങ്കാന, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി.പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഈ സംസ്ഥാനങ്ങളില്‍ എതിരാളികള്‍ പ്രയോഗിക്കുന്നത്. എന്നാല്‍, ബി.ജെ.പി. പ്രവര്‍ത്തകര്‍ അന്തസ്സും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുദിവസങ്ങളിലായി നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, മുന്‍ സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ്, ദേശീയ വക്താവ് ടോം വടക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രതിപക്ഷത്തിന്റേത് പ്രീണനനയമെന്ന് രാഷ്ട്രീയ പ്രമേയം

ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ ഞായറാഴ്ച അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തില്‍ കോണ്‍ഗ്രസിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും കടുത്ത വിമര്‍ശനം. ജാതിരാഷ്ട്രീയവും കുടുംബാധിപത്യ രാഷ്ട്രീയവും പ്രീണനനയവുമാണ് കാലങ്ങളായി കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും പ്രയോഗിക്കുന്നതെന്ന് ഞായറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം കുറ്റപ്പെടുത്തി.

ഈ മൂന്ന് ദുഷ്പ്രവണതകളെയും നീക്കി വികസനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി. പിന്തുടരുന്നതെന്ന് പ്രമേയം അവകാശപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ പിന്തുണച്ചു.

2014-നുശേഷം രാജ്യത്ത് വികസനരാഷ്ട്രീയത്തിനും വികസനനയത്തിനുമാണ് മുന്‍തൂക്കം. വികസനത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി. എക്കാലത്തും ശ്രമിക്കുന്നത്. യു.പി.അടക്കമുള്ള തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. നേടിയ വന്‍വിജയം ഇതാണ് തെളിയിക്കുന്നതെന്നും പ്രമേയത്തില്‍ പറഞ്ഞു.

പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മോദിസര്‍ക്കാര്‍ കൊണ്ടുവരുന്ന എല്ലാ നല്ല കാര്യങ്ങളോടും വിയോജിപ്പാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. മോദിഫോബിയ മൂലം പ്രതിപക്ഷം എല്ലാ നടപടികളെയും എതിര്‍ക്കുകയാണ്. അതിര്‍ത്തി കടന്ന ഇന്ത്യന്‍സൈന്യം നടത്തിയ മിന്നലാക്രമണം, ജമ്മുകശ്മീരിന് പ്രത്യേക പദവി ഉറപ്പുനല്‍കുന്ന 377-ാം അനുച്ഛേദം പിന്‍വലിക്കല്‍, പൗരത്വനിയമ ഭേദഗതി, ജി.എസ്.ടി., വാക്‌സിനേഷന്‍, യുവാക്കള്‍ക്ക് ജോലിനല്‍കാനുള്ള പദ്ധതികള്‍, മുത്തലാഖ് നിരോധനം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം എന്നിവയെയെല്ലാം കോണ്‍ഗ്രസ് എതിര്‍ത്തു.

രാഷ്ട്രപതിസ്ഥാനാര്‍ഥിയായി പട്ടികവര്‍ഗവിഭാഗത്തിലെ വനിതാനേതാവ് ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുത്തതില്‍ പ്രമേയം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. മുര്‍മുവിന്റെ ജീവിതം എല്ലാവരും മാതൃകയാക്കണമെന്ന് മോദി യോഗത്തില്‍ നിര്‍ദേശിച്ചതായി ഹിമന്ദ അറിയിച്ചു.

ഗുജറാത്ത് കലാപം: സുപ്രീംകോടതിവിധി ചരിത്രപരം

ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സുപ്രീംകോടതിവിധി ചരിത്രപരമെന്ന് രാഷ്ട്രീയപ്രമേയം പറഞ്ഞു. രാഷ്ട്രീയഎതിരാളികളും ചില സന്നദ്ധസംഘടനകളും ചില മാധ്യമങ്ങളും ചേര്‍ന്ന് മോദിക്കുനേരെ ദുരാരോപണങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. കാളകൂടം വിഴുങ്ങിയ നീലകണ്ഠനെപ്പോലെ മോദി അക്ഷോഭ്യനായി നിലകൊണ്ടെന്ന് രാഷ്ട്രീയപ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Content Highlights: will be the main opposition then rule-bjp strategy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented