മേട്ടുപ്പാളയം സമയപുരത്ത് തിരിച്ചെത്തിയ കാട്ടാന ബാഹുബലി| Photo: Special arrangement
മേട്ടുപ്പാളയം: മാസങ്ങള്‍ക്കു ശേഷം വനാതിര്‍ത്തി കടന്ന് നാട്ടിലേക്ക് ഇറങ്ങി കാട്ടാന. വനംവകുപ്പ് ഉദ്യോഗസ്ഥരെയും താപ്പാനകളെയും കണ്ടു കാടുകയറിയ കാട്ടാനയാണ് വീണ്ടും നാട്ടിലേക്കിറങ്ങിയത്. മേട്ടുപ്പാളയം വനഭാഗത്ത് കറങ്ങിനടക്കുന്ന 'ബാഹുബലി' എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് മാസങ്ങള്‍ക്ക് ശേഷം വനാതിര്‍ത്തി കടന്നത്. രണ്ടുദിവസമായി മേട്ടുപ്പാളയം- ഊട്ടി റോഡില്‍ വൈകിട്ടും രാവിലെയും റോഡ് മുറിച്ചു കടക്കാന്‍ എത്തുന്നുണ്ട്. ബാഹുബലിയെ തിരിച്ചു കാട്ടിലേക്ക് ഓടിക്കാന്‍ വനംവകുപ്പും പിന്നാലെയുണ്ട്.
വര്‍ഷങ്ങളായി കാര്‍ഷികവിളകള്‍ മാത്രം തിന്നു നശിപ്പിക്കുന്ന കാട്ടാനയുടെ വഴി കണ്ടെത്താന്‍ കോളര്‍ ഐ.ഡി. ഘടിപ്പിക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് 2021 ജൂണില്‍ വനം വകുപ്പ് നടപടിയെടുത്തിരുന്നു. രണ്ടുതവണ, ഒന്നര മാസത്തോളം വിവിധ റേഞ്ചുകളിലെ നൂറോളം വനപാലകരും മൂന്ന് താപ്പാനകളും ചേര്‍ന്ന് മേട്ടുപ്പാളയം വനം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ബാഹുബലി രക്ഷപ്പെട്ടു. ഡോക്ടര്‍മാരുടെ മൂന്ന് വിദഗ്ധ സംഘമാണ് വനത്തില്‍ ആനയെ മയക്കുവെടി വെച്ച് പിടിക്കാനായി എത്തിയിരുന്നത്. വലിയ ശരീരവും കൊമ്പുമുള്ള കാട്ടാനയാണിത്. വൈകീട്ട് റോഡ് കടക്കുന്നത് കാണാന്‍ എത്തുന്ന ജനക്കൂട്ടമാണ് ആനയ്ക്ക് ബാഹുബലി എന്ന വിളിപ്പേര് ഇട്ടത്.

40 മുതല്‍ 45 വയസ്സ് വരെ പ്രായം തോന്നിക്കുന്ന കൊമ്പന്‍ മനുഷ്യര്‍ക്കോ മറ്റുള്ള ജീവികള്‍ക്കോ ശല്യം ആയിരുന്നില്ല. ആനയെ പിടിക്കുന്നതിനെതിരെ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കര്‍ഷകരുടെ സമരവും ആവശ്യവും കാരണം മുഖ്യവനപാലകന്റെ നിര്‍ദ്ദേശപ്രകാരം കോളര്‍ ഐ.ഡി. ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ ആന വീണ്ടും കാടുകയറുകയായിരുന്നു. രണ്ടാഴ്ചയോളം ആനയെ കാത്തുനിന്നെങ്കിലും കണ്ടെത്താനാവാത്തതോടെ തളയ്ക്കാന്‍ എത്തിയ താപ്പാനകള്‍ മടങ്ങുകയും ചെയ്തു. പിന്നീട് 10 മാസങ്ങള്‍ക്കുശേഷമാണ് താന്‍ വിലസിയിരുന്ന സമയപുരം, മേട്ടുപ്പാളയം, ഓടന്തുര, വന ഭദ്രകാളി അമ്മന്‍ ക്ഷേത്രം ഭാഗങ്ങളില്‍ തിരിച്ചെത്തിയത്. ആന വീണ്ടും എത്തിയതോടെ കര്‍ഷകസംഘം പഴയ ആവശ്യവുമായി അധികൃതരെ സമീപിക്കുമോ എന്നാണ് പ്രകൃതിസ്‌നേഹികളുടെ ആശങ്ക.
Content Highlights: wild elephant named bahubali came back from forest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..