ഗൗതം അദാനി | Photo: AFP
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ ഗൗതം അദാനിയ്‌ക്കെതിരേ ആരോപണവുമായി വിക്കിപീഡിയ. അദാനി കുടുംബവുമായും ബിസിനസുമായും ബന്ധപ്പെട്ട വിക്കിപീഡിയ ലേഖനങ്ങളില്‍ അദാനി ഗ്രൂപ്പിലെ ജീവനക്കാര്‍ വസ്തുതാപരമല്ലാത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി തിരുത്തല്‍ വരുത്തിയെന്നാണ് ആരോപണം.
പ്രചാരവേല ലക്ഷ്യമിട്ടുള്ളതും വസ്തുതാപരമല്ലാത്തതുമായ പ്രവൃത്തി, വിക്കിപീഡിയ ലേഖനങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായെന്ന് ഏറെക്കുറേ ഉറപ്പാണെന്ന് വിക്കിമീഡിയ മൂവ്‌മെന്റിന്റെ ഓണ്‍ലൈന്‍ ന്യൂസ്‌പേപ്പറായ ദ സൈന്‍പോസ്റ്റിലെ ലേഖനത്തില്‍ പറയുന്നു.
വ്യാജ ഐ.ഡിക്കാരും കൂലിയെഴുത്തുകാരുമായ നാല്‍പ്പതിലധികം പേര്‍ അദാനി കുടുംബവുമായും ബിസിനസുമായും ബന്ധപ്പെട്ട ഒന്‍പതു ലേഖനങ്ങള്‍ സൃഷ്ടിക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് സൈന്‍പോസ്റ്റ് പറയുന്നത്.
ലേഖനങ്ങള്‍ എഡിറ്റ് ചെയ്യുകയും അതില്‍ വസ്തുതാപരമല്ലാത്ത വിവരങ്ങളോ വ്യാജസ്തുതികളോ കൂട്ടിച്ചേര്‍ത്തിരുന്നെന്നും സൈന്‍പോസ്റ്റ് ലേഖനത്തില്‍ ആരോപണമുണ്ട്. ഇങ്ങനെ ചെയ്ത നാല്‍പ്പതിലധികംപേരെ വിക്കിപീഡിയ പിന്നീട് നിരോധിക്കുകയോ വിലക്കുകയോ ചെയ്തിട്ടുണ്ട്.
കമ്പനി ഐ.പി. വിലാസത്തില്‍നിന്നുള്ള ഒരാള്‍ അദാനി ഗ്രൂപ്പിന്റെ ലേഖനം ആകെ മാറ്റിയെഴുതിയെന്നും സൈന്‍പോസ്റ്റ് ലേഖനം ആരോപിക്കുന്നു. ഗൗതം അദാനിയെ കുറിച്ചുള്ള ലേഖനം, വ്യാജ അക്കൗണ്ടുകാരായ 25 പേര്‍ എഡിറ്റ് ചെയ്തുവെന്നും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ലേഖനത്തില്‍ 22 പേര്‍ തെറ്റായ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെന്നുമാണ് സൈന്‍പോസ്റ്റ് പറയുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അദാനി ഗ്രൂപ്പ് വലിയ തിരിച്ചടിയാണ് ഓഹരിവിപണിയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്നും അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 10 ശതമാനം ഇടിഞ്ഞു
Content Highlights: wikipedia blame against gautam adani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..