ബിജാപുര്‍: മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഛത്തീസ് ഗഡിലെ കൊടുങ്കാട്ടിലൂടെ സുനിത എന്ന യുവതി യാത്ര ചെയ്തത് നാല് ദിവസം. പോലീസുദ്യോഗസ്ഥനായ ഭര്‍ത്താവിനെ കണ്ടെത്തുക മാത്രമല്ല അയാളെ വിട്ടുകിട്ടാന്‍ മാവോവാദി സംഘത്തെ നിര്‍ബന്ധിതമാക്കുകയും ചെയ്തു. 

ഭോപ്പാല്‍പറ്റനം പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ സന്തോഷ് കട്ടാമിനെ മെയ് നാലിനാണ് ബിജാപുരിലെ ഗൊറോണയില്‍ നിന്ന് മാവോവാദികള്‍ തട്ടിക്കൊണ്ട് പോയത്. വൈകുന്നേരത്തോടെ വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനായി പോയ സന്തോഷ് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ആദ്യം സുനിത അന്വേഷണമൊന്നും നടത്തിയില്ല. ജോലിസംബന്ധമായി സന്തോഷ് ചിലപ്പോള്‍ മടങ്ങിയെത്താന്‍ വൈകാറുള്ളത് പതിവായിരുന്നു. രണ്ടു ദിവസത്തിന് ശേഷമാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയ വിവരം ലഭിച്ചത്. 

മാവോവാദികളാണ് ഇതിന് പിന്നിലെന്ന് ഉറപ്പായതോടെ സുനിത പോലീസിനെ വിവരമറിയിച്ചു. വിമതസംഘടനകളുടെ താവളമായ ജാഗര്‍ഗുണ്ട ഭാഗത്താണ് ഭര്‍ത്താവുള്ളതെന്ന സൂചന ലഭിച്ചയുടനെ ആ ഭാഗത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. മെയ് ആറിന് പതിനാല് വയസുള്ള മകള്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍, കുറച്ച് ഗ്രാമീണര്‍ എന്നിവര്‍ക്കൊപ്പം മാവോവാദികളെ തിരഞ്ഞ് സുനിത യാത്ര തുടങ്ങി. 

ബൈക്കിലും കാല്‍നടയായും കാട്ടിലൂടെ സഞ്ചരിച്ച് മെയ് 10 ന് ഇവര്‍ മാവോവാദികള്‍ക്കരികിലെത്തി. അനുനയസംഭാഷണം നടത്തിയതിനെ തുടര്‍ന്ന് പിറ്റേദിവസം മാവോവാദികള്‍ ജന്‍-അദാലത്ത് നടത്തി സന്തോഷിനെ വിട്ടു കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസില്‍ തുടര്‍ന്നാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന താക്കീതും നല്‍കിയാണ് സന്തോഷിനെ വിട്ടത്. 

ഭര്‍ത്താവിനെ രക്ഷിക്കുന്നതിനായി ഒരു സ്ത്രീ ഏതറ്റം വരെയും പോകുമെന്ന് സുനിത പിന്നീട് പ്രതികരിച്ചു. മറ്റ് രണ്ട് കുട്ടികളെ മുത്തശ്ശിയെ ഏല്‍പിച്ചാണ് സുനിത സന്തോഷിനെ തിരഞ്ഞിറങ്ങിയത്. മെയ് 11 ന് ബിജാപുരില്‍ തിരിച്ചെത്തിയ സന്തോഷിന് മെഡിക്കല്‍ പരിശോധനകള്‍ നടത്തി. സന്തോഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. 

 

 

Content Highlights:Wife Treks For Four Days In Forest To Rescue Cop Abducted By Maoists