നവജ്യോത് സിങ് സിദ്ധു, അമരീന്ദർ സിങ് | Photo: PTI
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെതിരെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളെന്ന് ബി.ജെ.പി. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.
'ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സിദ്ദുവിനെതിരെ ഉന്നയിച്ചത് ഗുരുതരമായ ആരോപണമാണ്. സിദ്ദു രാജ്യദ്രോഹിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ച സമയത്ത് പാകിസ്താനില്‍ പോയി സൈനിക തലവനെ സന്ദര്‍ശിച്ചയാളാണ് സിദ്ദു. രാജ്യത്തിന് ഇക്കാര്യമറിയാം. ഇന്നലെ അമരീന്ദര്‍ സിങ് ഇക്കാര്യം വീണ്ടും ഊന്നിപ്പറഞ്ഞു'- ജാവദേക്കര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്ന് ജാവദേക്കര്‍ ചോദിച്ചു. ഇതൊരു വലിയ ആരോപണമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയാണ്. സിദ്ദുവിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോയെന്നും ജാവദേക്കര്‍ ചോദിച്ചു.
പാര്‍ട്ടിക്കുള്ളിലെ മാസങ്ങള്‍ നീണ്ട കലാപത്തിനൊടുവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച ശേഷമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പാര്‍ട്ടി അധ്യക്ഷന്‍ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തിയത്. സിദ്ദു മുഖ്യമന്ത്രിയാകുന്നത് തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും രാജ്യത്തിന്റെ നന്മയുടെ പേരിലാണ് ഇക്കാര്യം എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിനാല്‍ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു അമരീന്ദറിന്റെ ആരോപണം.
Content Highlights: Why silent on Amarinder Singh's 'serious allegations' against Sidhu, BJP asks Congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..