കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് ബംഗാളിലേയ്ക്കയച്ച അയച്ച കേന്ദ്രസംഘത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. അഡ്വഞ്ചര്‍ ടൂറിസമാണ് കേന്ദ്രസംഘം നടത്തുന്നതെന്നും എന്തുകൊണ്ടാണ് പശ്ചിമ ബംഗാളിനേക്കാള്‍ കൂടുതല്‍ രോഗികളുള്ള മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്രസംഘത്തെ അയക്കാത്തതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ചു.
കേന്ദ്രസംഘം നടത്തുന്നത് അഡ്വഞ്ചര്‍ ടൂറിസമാണ്. കേന്ദ്ര സംഘം പശ്ചിമ ബംഗാളില്‍ എത്തി മൂന്നു മണിക്കൂറിന് ശേഷമാണ് ഇത്തരമൊരു സന്ദര്‍ശനത്തെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിവരം അറിയിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണെങ്കില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാന്‍ സന്തോഷമേ ഉള്ളൂവെന്നും തൃണമൂല്‍ എപിമാരായ ഡെറക് ഒബ്രിയാന്‍, സുദീപ ബന്ദോപാധ്യായ എന്നിവര്‍ പറഞ്ഞു.
കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത നിരവധി ഹോട്ട് സ്‌പോട്ടുകളുള്ള ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് എന്തുകൊണ്ടാണ് സംഘത്തെ അയയ്ക്കാത്തതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചോദിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ല ഇതെന്നും കോവിഡിനെതിരെ സംസ്ഥാനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും എംപിമാര്‍ പറഞ്ഞു
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയത്. ഈ സംസ്ഥാനങ്ങളിലെ അതീവ ഗുരുതര നിലയിലുള്ള ഇടങ്ങളിലെ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് സംഘങ്ങളുടെ ചുമതല.
വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി നടപ്പാക്കിയിരിക്കുന്ന ലോക്ക്ഡൗണ്‍ നടപടികള്‍, അവശ്യവസ്തുക്കളുടെ ലഭ്യത, സാമൂഹ്യ അകലം പാലിക്കല്‍, ആരോഗ്യ സംവിധാനങ്ങളടെ മുന്നൊരുക്കം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ, പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിക്കുകയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
Content Highlights: 'Why Not Visit Gujarat, UP': TMC Slams 'Adventure Tourism' of Centre’s Covid-19 Team in Bengal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..