കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് പശ്ചിമ ബെംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേതാജിയുടെ ജന്മവാര്‍ഷികം ദേശീയ അവധിയായി പ്രഖ്യാപിക്കാത്ത കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നതായും മമത പറഞ്ഞു.

നിങ്ങള്‍ പുതിയ പാര്‍ലമെന്റ് നിര്‍മിക്കുകയും പുതിയ വിമാനങ്ങള്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് നേതാജിക്ക് സ്മാരകം നിര്‍മിക്കാത്തത്- മമത ചോദിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയുടെ സമാപന ചടങ്ങിലായിരുന്നു കേന്ദ്രത്തിനു നേര്‍ക്ക് മമത അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

'നിങ്ങള്‍ക്ക് ഏത് തുറമുഖത്തിനു വേണമെങ്കിലും ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കാം. ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ രാജീവ് ഗാന്ധിയെ കൊണ്ട് കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം എന്ന് പുനര്‍നാമകരണം ചെയ്യിക്കാന്‍ എനിക്ക് സാധിച്ചു', മമത പറഞ്ഞു. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കാന്‍ കഴിഞ്ഞ കഴിഞ്ഞ ജൂണില്‍ കേന്ദ്രം കൈക്കൊണ്ട തീരുമനത്തെ സൂചിപ്പിച്ചായിരുന്നു മമതയുടെ പരാമര്‍ശം.

നേതാജിയുടെ ആശയത്തില്‍ രൂപവത്കരിക്കപ്പെട്ട ആസൂത്രണ കമ്മിഷന്‍ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും പകരം നിതി ആയോഗ് കൊണ്ടുവന്നെന്നും മമത വിമര്‍ശിച്ചു. ആസൂത്രണ കമ്മിഷനെ കേന്ദ്രം തിരികെ കൊണ്ടുവന്നേ മതിയാകൂവെന്നും അവര്‍ പറഞ്ഞു.

നടക്കാനിരിക്കുന്ന പശ്ചിമ ബെംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് തൃണമൂലിനും ബി.ജെ.പിക്കും അഭിമാനപോരാട്ടമാണ്. സുവേന്ദു അധികാരി ഉള്‍പ്പെടെ പ്രമുഖ തൃണമൂല്‍ നേതാക്കളെ ബി.ജെ.പി. അടര്‍ത്തിയെടുത്തു കഴിഞ്ഞു. അതേസമയം, ഒരുചുവടു പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് മമത.

content highlights: why no netaji memorial- mamata banarjee attacks centre