ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം കടുത്ത ഭീഷണി ഉയര്‍ത്തുമ്പോഴും മദ്യവില്‍പ്പന ശാലകള്‍ തുറക്കാനുള്ള അനുമതി പല സംസ്ഥാനങ്ങളും നല്‍കിക്കഴിഞ്ഞു. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ജി.എസ്.ടി വരുമാനം വന്‍തോതില്‍ കുറഞ്ഞത് എല്ലാ സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണിത്. മദ്യലഭ്യത കുറഞ്ഞതോടെ അനധികൃത മദ്യക്കച്ചവടം മിക്ക സംസ്ഥാനങ്ങളിലും തുടങ്ങിക്കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം ലഭിക്കാതെ വന്നതോടെ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് കേരളം ഒഴികെയുള്ള പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന ശാലകള്‍ തുറന്നത്.

അതിനിടെ  ഇന്ത്യയിലെ മദ്യോപയോഗത്തെക്കുറിച്ച് അടുത്തിടെ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയ ഞെട്ടികക്കുന്ന വിവരങ്ങള്‍ ഇവയാണ്: ഇന്ത്യയില്‍ 57 മില്യണ്‍ (5.7 കോടി) ജനങ്ങള്‍ മദ്യത്തിന് അടിമകളാണെന്നാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) 2019 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ മദ്യത്തിന്റെ ഉപയോഗം 2000 നും 2017 നും മധ്യേ 38 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് പ്രശസ്ത ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 

രാജ്യത്തെ 70 ശതമാനം മദ്യപാനികളും മദ്യം വാങ്ങാന്‍ ആശ്രയിക്കുന്നത് മദ്യവില്‍പ്പന കേന്ദ്രങ്ങളെയോ മദ്യക്കച്ചവടക്കാരെയോ ആണ്. ശേഷിക്കുന്ന 30 ശതമാനം പേര്‍ മാത്രമാണ് ബാറുകളിലോ പബ്ബുകളിലോ ഹോട്ടലുകളിലോ പോയിരുന്ന് മദ്യപിക്കുന്നത്. മദ്യപിക്കുന്നതിന് നിയമം അനുശാസിക്കുന്ന കുറഞ്ഞ പ്രായമായ 21 വയസാകുന്നതിന് മുമ്പുതന്നെ മദ്യപാനം തുടങ്ങിക്കഴിഞ്ഞുവെന്നാണ് വിവിധ നഗരങ്ങളില്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 75 ശതമാനം യുവാക്കളും പറഞ്ഞത്. 

2,60,000 പേര്‍ അമിത മദ്യപാനംമൂലം എല്ലാ വര്‍ഷവും രാജ്യത്ത് മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന 2018 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്  വ്യക്തമാക്കുന്നത്. പത്ത് വയസിനും 75 വയസിനും മധ്യേ പ്രായമുള്ള 16 കോടിയോളം പേര്‍ മദ്യം ഉപയോഗിക്കുന്നുവെന്നാണ് 2019 ല്‍ സര്‍ക്കാര്‍ ഏജന്‍സി നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിട്ടുള്ളത്. ഛത്തീസ്ഗഢ്, ത്രിപുര, പഞ്ചാബ്, അരുണാചല്‍ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് മദ്യോപയോഗത്തില്‍ മൂന്നില്‍ നില്‍ക്കുന്നതെന്നും സര്‍വെയില്‍ കണ്ടെത്തിയിരുന്നു.

കടപ്പാട് - ZEENEWS

Content Highlights: Why many states allow sale of alcohol amid lockdown ?