നരേന്ദ്ര മോദി, രാഹുൽ ഗാന്ധി | ഫോട്ടോ: പി.ടി.ഐ (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരേ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്. അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
ഇടപാടിലൂടെ പണം നേടിയ രാജ്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എന്നാല്‍ നികുതിദായകരുടെ പണം നഷ്ടപ്പെട്ട രാജ്യം നിശബ്ദത പാലിക്കുകയാണെന്നും പാര്‍ട്ടി വക്താവ് പവന് ഖേര പറഞ്ഞു. ഫ്രാന്‍സും കോണ്‍ഗ്രസും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി എന്തുകൊണ്ട് ഉത്തരം നല്‍കിയില്ലെന്നും അദ്ദേഹം ചോദിച്ചു.
സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് മോദി സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചോദിച്ചിരുന്നു. റഫാലിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിട്ടുണ്ടെന്നും ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയുടേയും നിലപാടുകള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും പറഞ്ഞിരുന്നു.
ഫ്രാന്‍സില്‍നിന്ന് ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യ 56000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 37 യുദ്ധവിമാനങ്ങള്‍ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്.
Content Highlights: Why is PM silent after new revelations on Rafale: Congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..