മാലിന്യത്തിന് ചൊവ്വാഴ്ച രാത്രി 9.30-ഓടെ വീണ്ടും തീപിടിച്ചപ്പോൾ
ന്യൂഡല്‍ഹി: ഖര മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കുന്നതിലും, സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിലും കേരള സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. പരാജയത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത മനോഭാവം നിയമ വാഴ്ചയ്ക്ക് ഭീഷണിയാണ്. സംസ്ഥാന പോലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ വീഴ്ചകള്‍ക്ക് കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ഇട്ട വിധിയിലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ദീര്‍ഘകാലമായി അവഗണിക്കുകയാണ്. പരിസ്ഥിതിക്കും, ജനങ്ങളുടെ ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്ന ഈ പ്രശ്‌നത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ട്രിബ്യൂണല്‍ കുറ്റപ്പെടുത്തി.
പരാജയത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഒരു സീനിയര്‍ ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ഭാവി പദ്ധതികളെ കുറിച്ച് പറയുന്നതല്ലാതെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നല്‍കുന്നതിനെ കുറിച്ച് ഇപ്പോള്‍ പോലും പറയാത്ത സര്‍ക്കാര്‍ നടപടി തികച്ചും ഖേദകരമാണെന്നും ട്രിബ്യൂണല്‍ വിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷ നിയമത്തിന്റെ അടിസ്ഥാനത്തിലോ, പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലോ കുറ്റക്കാര്‍ക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇത്തരം മനോഭാവം നിയമ വാഴ്ചയ്ക്ക് ഭീഷണിയാണ്. ആത്മ പരിശോധന അനിവാര്യമാണ്. കുറ്റക്കാരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും നിയമപരമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്രഹ്‌മപുരത്ത് ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് 2018 ല്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നതായി ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ ഇതില്‍ സ്വീകരിക്കേണ്ട നടപടികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആവര്‍ത്തിച്ച് വീഴ്ച വരുത്തിയതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനോ, നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനോ ബന്ധപ്പെട്ട സംവിധാനങ്ങള്‍ തയ്യാറായില്ലെന്ന് ട്രിബ്യൂണല്‍ തങ്ങളുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Why is no one responsible found in Brahmapuram-tribunal says the government is a failure
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..