ന്യൂഡല്‍ഹി: വിജയ് മല്യയ്ക്ക് വിദേശത്തേക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയതില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പങ്കുണ്ടെന്ന ആരോപണത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്നത് നിഗൂഢമായ മൗനമെന്ന് കോണ്‍ഗ്രസ്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടാന്‍ മോദി എന്തുകൊണ്ടാണ് മടിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ചോദിച്ചു.

'2016 മാര്‍ച്ച് 1ന് ജെയ്റ്റ്ലിയും മല്യയും തമ്മില്‍ക്കണ്ടെന്ന് വെളിപ്പെടുത്തലും തെളിവുകളുമുണ്ടായിട്ടും അവയെയൊക്കെ അവഗണിച്ച് മോദിയും ജെയ്റ്റ്ലിയും മൗനം പാലിക്കുകയാണ്. ഈ മൗനം കൊണ്ട് തെറ്റ് സമ്മതിക്കുകയാണോ ഇരുവരും ചെയ്യുന്നത്. ജെയ്റ്റ്ലിയും എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും സിബിഐയും  പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞേ മതിയാവൂ. 'രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

മല്യ കേസില്‍ വിദഗ്ധാഭിപ്രായം തേടാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയെ കണ്ടിരുന്നു. സുപ്രീംകോടതിയെ സമീപിക്കാനും മല്യയുടെ പാസ്പോര്‍ട്ട് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍, ഇത് നടപ്പായില്ല. കേന്ദ്രമന്ത്രിസഭയിലെ ആരുടെ നിര്‍ദേശപ്രകാരമാണ് ആ നീക്കം നടക്കാതെപോയതെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

Content Highlights:  Modi not ordering probe into Mallya case,  Congress, Arun Jaitley, Vijay Mallya