-
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ആഗ്ര ജില്ല ഭരണകൂടം പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ അത്യാധുനിക സംവിധാനങ്ങളുള്ള 6.4 ടണ്‍ ഭാരമുള്ള ട്രംപിന്റെ ഔദ്യോഗിക വാഹനത്തിന്റെ കാര്യത്തില്‍ മാത്രം കടുത്ത ആശങ്കയിലാണ് ആഗ്രയിലെ പ്രാദേശിക ഭരണകൂടം.
ബീസ്റ്റ് എന്ന വിളിപ്പേരിലുള്ള അത്യാധുനിക സുരക്ഷാ സന്നാഹങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലിമോസിന്‍ കാര്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആഗ്ര വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 24ന് വൈകീട്ടാണ് ട്രംപിന്റെ താജ്മഹല്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗിക യാത്രയായതിനാല്‍ താജ്മഹല്‍ സന്ദര്‍ശനത്തില്‍ ട്രപും അദ്ദേഹത്തിന്റെ ഭാര്യ മിലേനിയ ട്രംപും ഈ കാറിലാണ് യാത്ര ചെയ്യുക. ഇതാണ് ജില്ലാ ഭരണകൂടത്തിനുള്ള തലവേദനയുടെ മുഖ്യ കാരണവും.
1998ലെ സുപ്രീംകോടതി വിധി പ്രകാരം വൈദ്യുത വാഹനങ്ങളല്ലാത്ത മറ്റു വാഹനങ്ങള്‍ക്കൊന്നും തന്നെ താജ്മഹലിന് സമീപത്തേക്ക് പ്രവേശനമില്ല. ട്രംപിന്റെ ബിറ്റ്‌സ് പരമ്പരാഗത ഇന്ധന കാറാണ്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ വാഹനം താജ്മഹല്‍ പരിധിയില്‍ കയറിയാല്‍ നിയമപ്രശ്‌നമുണ്ടാകുമോയെന്ന ആശയക്കുഴപ്പമാണ് പ്രാദേശിക ഭരണകൂടത്തിനിടയില്‍ നിലനില്‍ക്കുന്നത്.
ആഗ്ര വിമാനത്താവളത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള റെയില്‍വേ മേല്‍പ്പാലമാണ് രണ്ടാമത്തെ പ്രശ്‌നം. ഇതുവഴിയാണ് ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകേണ്ടത്. എന്നാല്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് ഈ മേല്‍പ്പാലം വഴി കടന്നുപോകാനുള്ള അനുമതി ഇല്ല. ട്രംപിന്റെ കാറിന് 6.4 ടണ്‍ ഭാരമുള്ളതിനാല്‍ ഇതും ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നു. പാലത്തിന്റെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും പാലം നന്നാക്കാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും പിഡബ്ല്യുഡി എന്‍ജിനിയര്‍ സൂപ്രണ്ട് യോഗേഷ് പവാര്‍ വ്യക്തമാക്കി.
അതേസമയം സന്ദര്‍ശകരുടെ വാഹനങ്ങളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ആഗ്രയിലെ ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ട് വസന്ത് സ്വരാങ്കര്‍ വ്യക്തമാക്കി. താജ്മഹല്‍ പ്രദേശത്തേക്ക് വിവിഐപി സന്ദര്‍ശിക്കുന്ന വാഹനത്തിന്റെ കാര്യങ്ങള്‍ ജില്ലാ ഭരണകൂടം ശ്രദ്ധിക്കേണ്ടതാണെന്നും വസന്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം ട്രംപിന്റെ സുരക്ഷാ ടീമിന് ഈ റൂട്ടിലുള്ള പാലത്തിന്റെ വിഷയങ്ങളും മറ്റും അറിയാമെന്നും എന്തെങ്കിലും പ്രശ്‌നമോ എതിര്‍പ്പോ അവര്‍ ഉന്നയിച്ചിട്ടില്ലെന്നും ആഗ്ര കമ്മീഷ്ണര്‍ അനില്‍ കുമാര്‍ വ്യക്തമാക്കി.
അടിയന്തര സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ പൂര്‍ണമായും വൈദ്യുതിയിലോടുന്ന ഒരു ബസ് ആഗ്ര വികസന അതോറിറ്റിയുടെ കൈവശമുണ്ട്. എന്നാല്‍ ഫെബ്രുവരി 24ന് ഈ വൈദ്യുത ബസ് ഉപയോഗിക്കുന്നതായി സ്ഥിരീകരണമില്ല.
അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ 2000ലെ ഇന്ത്യ സന്ദര്‍ശ വേളയില്‍ താജ്മഹലിലേക്കത്തിയത് തന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു. എന്നാല്‍ പ്രസിഡന്റ് പദം ഒഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും താജ്മഹലിലേക്കെത്തിയപ്പോള്‍ വൈദ്യുത ബസിലാണ് അദ്ദഹം യാത്ര ചെയ്തിരുന്നത്.
content highlights; Why Donald Trump's 6.4 tonne car is making Agra adminstration jittery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..