ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ തങ്ങളുടെ പക്കല്‍ ബസ്സുകളുണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബസ്സുകളുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തിനാണ് തൊഴിലാളികളെ ട്രക്കില്‍ കയറ്റി കൊണ്ടുപോവുന്നതെന്ന് യോഗി ട്വീറ്റിലൂടെ ചോദിച്ചു. 

നിരവധി ബസ്സുകള്‍ കോണ്‍ഗ്രസിന്റെ പക്കലുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളെ ട്രക്കില്‍ യാത്രയാക്കുന്നത്. ഔറേയയില്‍ 24 തൊഴിലാളികള്‍ മരണപ്പെട്ട അപകടം രാജസ്ഥാനില്‍നിന്നും പഞ്ചാബില്‍നിന്നും വന്ന രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിട്ടാണെന്ന് ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 

തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് സജ്ജമാക്കിയ ആയിരക്കണക്കിന് ബസ്സുകള്‍ അതിര്‍ത്തികളില്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും തൊഴിലാളികളുമായി യാത്ര നടത്താന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ അനുമതി നല്‍കണമെന്ന് കഴിഞ്ഞ ദിവസം ആദിത്യനാഥിനോട് പ്രിയങ്ക ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കൂവെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. ഇതിനെ പരിഹസിച്ചാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. 

Content Highlights: Why Congress ruled states sending migrants on trucks, asks Yogi