ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അതിര്‍ത്തിയില്‍നിന്ന് ചൈനീസ് സൈന്യത്തെ പുറത്താക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കുകയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.
സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് എന്ന മുദ്രാവാക്യത്തെയും പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. റെയില്‍വേയും വിമാനത്താവളങ്ങളും അടക്കം 32 പൊതുമേഖലാ സ്ഥാപനങ്ങളെയും വില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനാകുമെന്ന് സുര്‍ജേവാല ചോദിച്ചു.
നമ്മുടെ സായുധസേനയെക്കുറിച്ചും പാരാമിലിട്ടറി, പോലീസ് സേനകളെക്കുറിച്ചും നമുക്ക് അഭിമാനമുണ്ട്. 130 കോടി ഇന്ത്യക്കാരും മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതില്‍ അഭിമാനമുള്ളവരാണ്. എപ്പോഴൊക്കെ നമുക്കുനേരെ ആക്രമണം ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അക്രമികള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
നമ്മുടെ ഭരണകര്‍ത്താക്കള്‍ ചൈനയുടെ പേര് പരാമര്‍ശിക്കാന്‍ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണം. ചൈന കൈയ്യടക്കിവെച്ചിരിക്കുന്ന നമ്മുടെ പ്രദേശത്തുനിന്ന് ചൈനീസ് സൈന്യത്തെ പുറത്താക്കാനും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാരിനോട് ചോദിക്കാന്‍ നാം തയ്യാറാവണം.
രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ സൈന്യം അതിന് ഉചിതമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ തിരിഞ്ഞവര്‍ക്ക് സൈന്യം അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മറുപടി നല്‍കിയെന്ന് ചൈനയേയും പാകിസ്താനെയും പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: Why are our rulers scared of naming China- Congress