ലഫ്റ്റനന്റ് കേണൽ ഖ്വാസി സജ്ജാദ് അലി സാഹിർ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു. photo: rashtrapatibhvn|twitter page
ന്യൂഡല്‍ഹി: രാജ്യത്തിന് നല്‍കിയ വിശിഷ്ട സേവനത്തിനും വിവിധ മേഖലകളില്‍ വില മതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുമുള്ള രാജ്യത്തിന്റെ ആദരമാണ് പദ്മ പുരസ്‌കാരം. ഇത്തവണ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചവരുടെ കൂട്ടത്തില്‍ ഗവേഷകനും മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിറും ഉള്‍പ്പെട്ടിരുന്നു. മുന്‍ പാക് സൈനികനാണെങ്കിലും പാകിസ്താനെതിരേയുള്ള യുദ്ധമുഖത്ത് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയ സംഭവനകള്‍ പരിഗണിച്ചാണ് ലഫ്. കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിറിനുള്ള രാജ്യത്തിന്റെ ആദരം.
ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് വഴിവെച്ച 1971 ഇന്ത്യ-പാക് യുദ്ധത്തില്‍ രാജ്യത്തെ വിജയത്തിലേക്ക് നയിക്കാന്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സജ്ജാദ് അലി സാഹിര്‍. അദ്ദേഹത്തിന്റെ ഈ സംഭാവനകള്‍ക്കും ത്യാഗങ്ങള്‍ക്കുമാണ് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചത്. പാകിസ്താനെതിരേയുള്ള ഇന്ത്യയുടെ അന്നത്തെ വിജയത്തിനും ബംഗ്ലാദേശിന്റെ വിമോചനത്തിനും 50 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് തന്റെ 71-ാം വയസില്‍ സാഹിര്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് അര്‍ഹനാകുന്നത്.
ഏറെ ധീരത നിറഞ്ഞതായിരുന്നു സാഹിറിന്റെ ജീവിതം. 20-ാം വയസിലാണ് സാഹിര്‍ പാക് സൈന്യത്തിന്റെ ഭാഗമാകുന്നത്. സിയാല്‍കോട്ട് മേഖലയിലായിരുന്നു സേവനം. കിഴക്കന്‍ പാകിസ്താനെതിരേയുള്ള പടിഞ്ഞാറന്‍ പാകിസ്താന്റെ സൈനിക നടപടികളില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്ന സാഹിര്‍ അധികം വൈകാതെ തന്നെ രാജ്യം വിടാനും തീരുമാനിച്ചു. 1971 മാര്‍ച്ചില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. കിഴക്കന്‍ പാകിസ്താനില്‍ പാക് സൈന്യത്തിന്റെ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും എല്ലാം പരിധിയുംവിട്ട സാഹചര്യത്തിലായിരുന്നു സാഹിറിന്റെ രാജ്യംവിടല്‍.
അതിര്‍ത്തി കടന്നതിന് പിന്നാലെ സാഹിര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായി. പാക് ചാരനെന്ന് കരുതി പിടികൂടിയ സാഹിറിനെ പത്താന്‍കോട്ടിലെത്തിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. ബൂട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പാക് സൈന്യത്തിന്റെ രേഖകളും ഭൂപടവും 20 രൂപയുമാണ് സാഹിറിന്റെ കൈവശമുണ്ടായിരുന്നത്. ഈ സൈനിക രേഖകളില്‍ നിന്ന് അതിര്‍ത്തിയില്‍ പാകിസ്താന്റെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള ഗുരുതരമായ സാഹചര്യവും ഇന്ത്യന്‍ സൈന്യത്തിന് ബോധപ്പെട്ടു. ഇതിനുപിന്നാലെ സാഹിറിനെ ഡല്‍ഹിയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് കിഴക്കന്‍ പാകിസ്താനിലേക്ക് (ബംഗ്ലാദേശ്) അയക്കുകയും ചെയ്തു.
സൈനിക രേഖയും സാഹിര്‍ നല്‍കിയ സുപ്രധാന വിവരങ്ങളും യുദ്ധത്തില്‍ പാകിസ്താനെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്ക് തുണയായി. പാക് സേനയ്ക്ക് നേരേ മുഖ്തി ബാഹിനിയുടെ (ബംഗ്ലാദേശ് സൈന്യം) ഗറില്ലാ യുദ്ധത്തിന് പരിശീലനം നല്‍കിയതും സാഹിറായിരുന്നു. കിഴക്കന്‍ പാകിസ്താന്റെ വിമോചനത്തിന് ശേഷം സാഹിര്‍ ബംഗ്ലാദേശ് സൈന്യത്തിന്റെ ഭാഗമായി. ഇന്ത്യയിലെ വീര്‍ ചക്രയ്ക്ക് സമാനമായി ബിര്‍ പ്രോട്ടിക് ബഹുമതിയും സാഹിറിന് ലഭിച്ചിരുന്നു. ബംഗ്ലാദേശിലെ പരമോന്നത സിവില്‍ ബഹുമതിയായ സ്വാധിനത പദക് പുരസ്‌കാരത്തിനും സാഹിര്‍ അര്‍ഹനായിരുന്നു.
രാജ്യംവിട്ട് പാകിസ്താനെതിരേ തിരിഞ്ഞ കുറ്റത്തിന് പാകിസ്താനില്‍ കഴിഞ്ഞ 50 വര്‍ഷമായി തനിക്ക് വധശിക്ഷ നിലവിലുണ്ടെന്നും അഭിമാനത്തോടെ സാഹിര്‍ പറയുന്നു. 'വധശിക്ഷ' തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം പല വേദികളിലും തുറന്നുപറഞ്ഞിരുന്നു.
content highlights: Why an ex-Pakistan army officer Lt Colonel Zahir was conferred with Padma Shri


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..