ശശി തരൂർ, ദിഗ് വിജയ സിങ് | Photo: ANI
സെപ്റ്റംബര്‍ മുപ്പത്, അതായത് നാളെയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മത്സര രംഗത്തുള്ളത് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും തിരുവനന്തപുരം എം.പി. ശശി തരൂരും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള രാജസ്ഥാന്‍ കലാപവും ഒച്ചപ്പാടും ഒടുവിൽ മാപ്പപേക്ഷയുമൊക്കെയായി അശോക് ഗഹ്‌ലോത് മത്സര രംഗത്തുനിന്ന് പിന്മാറിയതോടെയാണ് മത്സരം തരൂരിലേക്കും ദിഗ്വിജയിലേക്കും ചുരുങ്ങുന്നത്. വെള്ളിയാഴ്ച ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന് തരൂര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗഹ്‌ലോത് സൃഷ്ടിച്ച ഒഴിവില്‍ ഒരു ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയെന്നോണമാണ് ദിഗ്വിജയ് സിങ് മത്സരത്തിനിറങ്ങുന്നത്. ആര്‍ക്ക്, എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയം?
ആരു പിന്തുണയ്ക്കും തരൂരിനെ?
പാര്‍ട്ടിയില്‍ സമൂലപരിഷ്‌കരണം വേണമെന്ന് നിരന്തര ആവശ്യം ഉന്നയിക്കുന്ന, അംഗങ്ങള്‍ കൊഴിഞ്ഞ പരിഷ്‌കരണവാദി സംഘത്തിലെ അംഗമാണ് തരൂര്‍. 2009-ലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ അംഗമാകുന്നത്. തരൂര്‍ വിശ്വപൗരനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും അദ്ദേഹം അധ്യക്ഷപദത്തിലേക്ക് മത്സരിക്കുന്നതിനോട് സ്വന്തം സംസ്ഥാനമായ കേരളത്തില്‍നിന്നു പോലും എതിര്‍പ്പുണ്ട്. മന്ത്രിയും എം.പിയും ആയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അണികള്‍ക്കിടയിലെ സ്വീകാര്യതയെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. തുടര്‍ച്ചയായി മൂന്നുവട്ടം തിരുവനന്തപുരത്തുനിന്ന് ലോക്‌സഭയിലെത്തിയ പരിഗണനയൊന്നും ഇക്കാര്യത്തില്‍ തരൂരിന് ലഭിക്കുന്നില്ല. സോണിയ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ കത്തുകള്‍ അയച്ചതാണ് ശശി തരൂര്‍ പാര്‍ട്ടിക്ക് നല്‍കിയ പ്രധാന സംഭാവന എന്നായിരുന്നു പാര്‍ട്ടി വക്താവ് ഗൗരവ് വല്ലഭ് പന്ത് പരിഹസിച്ചത്. രാഹുല്‍ അല്ലെങ്കില്‍ ഗാന്ധികുടുംബത്തിന്റെ ആശീര്‍വാദമുള്ള ഒരാള്‍. അതിനപ്പുറത്തുനില്‍ക്കുന്ന ആരെയും അധ്യക്ഷപദത്തില്‍ കാണാന്‍ താല്‍പര്യപ്പെടാത്തവരാണ് ഭൂരിപക്ഷവും.
ലാസ്റ്റ് ലാപ്പില്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ ദിഗ്വിജയ് സിങ്
ഗഹ്‌ലോത്തും തരൂരും തമ്മിലാകും മത്സരം എന്നു കരുതിയിടത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രിക്കസേര സൃഷ്ടിച്ച കോലാഹലമാണ് ദിഗ്വിജയ് സിങ്ങിനെ കളത്തിലിറക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഗാന്ധി കുടുംബത്തിന് പ്രിയങ്കരനാണ് ദിഗ്വിജയ് തുടര്‍ച്ചയായി രണ്ടുവട്ടം മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുള്ള ഈ 75-കാരനെ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കുള്ള ഔദ്യോഗികസ്ഥാനാര്‍ഥി എന്ന് വേണമെങ്കില്‍ പറയാം. 1993 മുതല്‍ 2003 വരെയാണ് ദിഗ്വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുണ്ടായിരുന്നത്. സംഘടനാപരവും ഭരണപരവുമായ പ്രവൃത്തിപരിചയം ആവോളമുള്ളയാളാണ് ഇദ്ദേഹം.
രാജസ്ഥാന്‍ പ്രതിസന്ധി കലശലായതിനു പിന്നാലെ സോണിയ ഗാന്ധി ആന്റണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ആന്റണി -സോണിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് സ്ഥാനാര്‍ഥിത്വത്തിലേക്ക് ദിഗ്വിജയ് സിംഗിന്റെ വരവെന്നതും ശ്രദ്ധേയമാണ്. നേരത്തെ ദിഗ്വിജയ് സിംഗ് മധ്യ പ്രദേശ് മുഖ്യമന്ത്രി ആയിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആയിരുന്നു ആന്റണി. ആ വിധത്തില്‍ സിങ്ങുമായി അടുപ്പമുള്ള നേതാവാണ് ആന്റണി.
എണ്ണം കുറയുന്ന പരിഷ്‌കരണവാദികള്‍
പാര്‍ട്ടിയില്‍ സമൂലപരിഷ്‌കരണം ആവശ്യപ്പെട്ട് ഒത്തുചേര്‍ന്ന നേതാക്കളുടെ കൂട്ടായ്മയായിരുന്നു ജി 23. ഉന്നയിച്ച ആവശ്യങ്ങള്‍ ആവര്‍ത്തിച്ച് നിരാകരിക്കപ്പെട്ടതോടെ പരിഷ്‌കരണവാദികളുടെ എണ്ണത്തില്‍ പില്‍ക്കാലത്ത് കുറവുണ്ടായി. കപില്‍ സിബലും ഗുലാം നബി ആസാദുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് വഴിപിരിഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് ഗുലാം നബി സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചത്. മത്സരിക്കുമെന്ന് തരൂര്‍ വ്യക്തമാക്കിയതോടെ 22 കൊല്ലത്തിനിടെ ഇതാദ്യമായാണ് കോണ്‍ഗ്രസ് തലപ്പത്തേക്ക് മത്സരം നടക്കുന്നത്. ഇതിനു മുന്‍പ് 2000 നവംബറിലായിരുന്നു അധ്യക്ഷപദത്തിലേക്ക് മത്സരം നടന്നത്. അന്ന് സോണിയ ഗാന്ധി, ജിതേന്ദ്ര പ്രസാദിനെ പരാജയപ്പെടുത്തി. അതിനു മുന്‍പ് 1997-ലും അധ്യക്ഷപദത്തിലേക്ക് മത്സരം നടന്നിരുന്നു. അന്ന് സീതാറാം കേസരി രാജേഷ് പൈലറ്റിനെയും ശരദ് പവാറിനെയുമാണ് പരാജയപ്പെടുത്തിയത്.
രാഹുലിനെ വിടാതെ...
രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷപദം ഏറ്റെടുക്കണമെന്നാണ് ഭൂരിഭാഗം ദേശീയ-സംസ്ഥാന നേതാക്കളുടെയും അഭിപ്രായം. ഇതേ ആവശ്യം മുന്‍നിര്‍ത്തി തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പി.സി.സികള്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാള്‍ പാര്‍ട്ടിയെ നയിക്കാന്‍ എത്തുന്നതിനോട് എത്രമാത്രം വിയോജിപ്പുണ്ട് എന്നു വ്യക്തമാക്കുന്നതാണ് ഈ നീക്കം.
ഹൈക്കമാന്‍ഡിനെ വിറപ്പിച്ച ഗഹ്‌ലോത്
നേതൃത്വത്തിന്റെ നിര്‍ദേശം ശിരസാവഹിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രിപദം സച്ചിന്‍ പൈലറ്റിന് നല്‍കി ഡല്‍ഹിയിലേക്ക് എത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വലിയ പ്രയാസമില്ലാതെ ഗഹ്‌ലോത്തിന് എത്തിച്ചേരാമായിരുന്നു. ഗാന്ധി കുടുംബത്തിന്റെ പിന്തുണ, പ്രവര്‍ത്തന പരിചയം അങ്ങനെ നിരവധി അനുകൂലഘടകങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നുതാനും. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിനേക്കാള്‍ ഉപരി അത് സച്ചിന്‍ പൈലറ്റിന് നല്‍കാനും ഗഹ്‌ലോത് തയ്യാറായിരുന്നില്ല. 2020 ജൂലായിൽ സച്ചിനും സംഘവും നടത്തിയ അട്ടിമറിനീക്കം ചൂണ്ടിക്കാണിച്ച് ഗഹ്‌ലോത് പക്ഷ എം.എല്‍.എമാര്‍ കളത്തിലിറങ്ങി. ഹൈക്കമാന്‍ഡ് പ്രതിനിധികളെ കാണാന്‍ പോലും കൂട്ടാക്കാതെ നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ ബുധനാഴ്ച രാത്രി ഡല്‍ഹിയിലെത്തി വ്യാഴാഴ്ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ഗഹ്‌ലോത് മത്സരിക്കുന്നില്ല എന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ നടത്തിയ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം എറ്റെടുത്താണ് ഈ പ്രഖ്യാപനമെന്ന് പറഞ്ഞ ഗഹ്‌ലോത് വിഷയത്തില്‍ സോണിയ ഗാന്ധിയോടു മാപ്പ് അപേക്ഷിച്ചതായും പറഞ്ഞു.
കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ ആരാകണം
നിലവില്‍ നില ദുര്‍ബലമെങ്കിലും രാജ്യത്തൊട്ടാകെ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന് ഓക്‌സിജന്‍ നല്‍കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കോണ്‍ഗ്രസിന്റെ വരുംകാല അധ്യക്ഷനെ കാത്തിരിക്കുന്നത്. മാത്രമല്ല, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഇനിയുള്ളത് വളരെക്കുറച്ചു സമയം മാത്രമാണ്. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അതിന് സജ്ജരാകേണ്ടതുമുണ്ട്. സ്ഥാനത്തെ ചൊല്ലി കലഹിച്ചും പ്രതിജ്ഞ മറന്നും പ്രവര്‍ത്തിക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് കോണ്‍ഗ്രസ് പരിണമിക്കരുത്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലെ അംഗസംഖ്യ 53-ല്‍നിന്ന് താഴേക്ക് പോവുക എന്നത് കോണ്‍ഗ്രസിന് ഒരിക്കലും നല്ലതായിരിക്കില്ല.
Content Highlights: who will become aicc chief shashi tharoor or dig vijay singh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..