
-
ഭോപ്പാല്‍: വികാസ് ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം ആര്‍ക്ക് നല്‍കണമെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് പോലീസിന് യുപി കാന്‍പുര്‍ പോലീസിന്റെ കത്ത്.
കുപ്രസിദ്ധ ഗുണ്ടാത്തലവനും കൊടുംകുറ്റവാളിയുമായി വികാസ് ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് യുപി പോലീസ് പ്രഖ്യാപിച്ചിരുന്നു. ഉജ്ജെയിനില്‍ നിന്നും വികാസ് ദുബെയെ കസ്റ്റഡിയിലെടുത്തത് ആരാണെന്നും പാരിതോഷികം നല്‍കേണ്ടത് ആര്‍ക്കാണെന്നും ചോദിച്ച് കാന്‍പുര്‍ പോലീസിലെ സീനിയര്‍ സൂപ്രണ്ടില്‍ നിന്നും കത്ത് ലഭിച്ചതായി ഉജ്ജെയിന്‍ എസ്പി മനോജ് കുമാര്‍ പ്രതികരിച്ചു.
ജൂലൈ ഒമ്പതിന് ഉജ്ജെയിനിലെ മഹാകാള്‍ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പോലീസ് ദുബെയെ കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിന് പുറത്തുള്ള പൂവില്പനക്കനക്കാരനാണ് ആദ്യം ദുബെയെ തിരിച്ചറിഞ്ഞത്. സംശയം തോന്നിയതിനാല്‍ ക്ഷേത്രം സുരക്ഷാജീവനക്കാരെ വിവരമറിയിച്ചു. പിന്നീടാണ് പോലീസെത്തി ദുബെയെ കസ്റ്റഡിയിലെടുത്തത്. വികാസ് ദുബെയെ പിന്നീട് ഉത്തര്‍പ്രദേശ് പോലീസിന് കൈമാറുകയായിരുന്നു. ജൂലൈ പത്തിന് പോലീസ് എന്‍കൗണ്ടറില്‍ വികാസ് ദുബെ കൊല്ലപ്പെട്ടു.
ദുബെയെ കസ്റ്റഡിയിലെടുത്ത വിഷയം അന്വേഷിക്കാന്‍ അഡീഷണല്‍ എസ്പിമാരുടെ സംഘത്തെ രൂപീകരിച്ചുണ്ടെന്നും വികാസ് ദുബെയെ ട്രാക്ക് ചെയ്ത് കസ്റ്റഡിയിലെടുത്തതിന്റെ പൂര്‍ണ സംഭവവികാസങ്ങള്‍ വിശകലനം ചെയ്തതിനു ശേഷം കാന്‍പുര്‍ പോലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉജ്ജെയിന്‍ എസ്പി പറഞ്ഞു.
എട്ട് പോലീസുകാരെ കൊലപ്പെടുത്തിയതുള്‍പ്പെടെ അറുപതിലധികം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളിയാണ് വികാസ് ദുബെ. ജൂലൈ മൂന്നിന് തന്നെ അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയ 8 പോലീസുകാരെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
Content Highlights: ‘Who should we reward for catching Vikas Dubey?’ UP Police ask MP Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..