ന്യൂഡല്‍ഹി: ജോലിചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ല ലോക്‌സഭയെന്ന് ആരുപറഞ്ഞെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ആറ് വനിതാ എം.പിമാരുമായുള്ള സെല്‍ഫിക്കൊപ്പമാണ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ തരൂരിന്‍റെ ചോദ്യം. ഇതിനു പിന്നാലെ വിമർശനവും കമന്‍റുകളുമായി ട്വീറ്റും ഫേയ്സ്ബുക്ക് പോസ്റ്റും പെട്ടെന്ന് വൈറലായി.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ മിമി ചക്രവര്‍ത്തി, നുസ്രത്ത് ജഹാന്‍, എന്‍.സി.പി. എം.പി. സുപ്രിയ സൂലെ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു തരൂരിന്റെ സെല്‍ഫി. മിമി ചക്രവര്‍ത്തിയാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്. 

തരൂരിന്റെ ട്വിറ്റർ, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ ഫോട്ടോ പുറത്തെത്തിയതിനു പിന്നാലെ എം.പിയുടെ ചോദ്യത്തില്‍ 'സെക്‌സിസം' അടങ്ങിയിരിക്കുന്നെന്ന വിമര്‍ശനവും ഉയര്‍ന്നു. 

ഇതോടെ വിഷയത്തില്‍ വിശദീകരണവുമായി തരൂരെത്തി. വനിതാ എം.പിമാരുടെ താല്‍പര്യപ്രകാരം തമാശയ്ക്ക് എടുത്ത ചിത്രമാണെന്നും അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഫോട്ടോ പങ്കുവെച്ചതെന്നും തരൂര്‍ വ്യക്തമാക്കി. ചിത്രത്തെച്ചൊല്ലി ചിലര്‍ക്ക് വിഷമമുണ്ടായതില്‍ ദുഃഖമുണ്ടെന്നും തരൂര്‍ പറഞ്ഞു.

content highlights: Who says the Lok Sabha isn’t an attractive place to work- shashi tharoor