പ്രതീകാത്മക ചിത്രം | Photo: AFP
ന്യൂഡൽഹി: എയർ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈയിലെത്തിയതിന് പിന്നാലെ പഴയകാല ഓർമ്മകൾ പങ്കുവെച്ച് ടാറ്റാ ഗ്രൂപ്പ്. എയർ ഇന്ത്യയ്ക്ക് എങ്ങനെയാണ് ആ പേര് നൽകിയത് എന്നത് സംബന്ധിച്ച വിവരങ്ങളാണ് ടാറ്റാ ഗ്രൂപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 1946ലെ കത്തും ടാറ്റ ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
1946 ടാറ്റാസൺസ് ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ കൂടിയാണ് എയർ ഇന്ത്യയ്ക്ക് ആ പേര് ലഭിച്ചതെന്നാണ് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
നാല് പേരുകളായിരുന്നു ആദ്യം പരിഗണനയിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ എയർലൈൻസ്, പാൻ ഇന്ത്യൻ എയർലൈൻസ്, ട്രാൻസ് ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യ എന്നിങ്ങനെ നാല് പേരുകളായിരുന്നു അത്. ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഈ നാല് പേരുകളിൽ നിന്ന് എയർ ഇന്ത്യ എന്നത് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ടാറ്റ ഗ്രൂപ്പ് ട്വിറ്ററിൽ പങ്കുവെച്ചു.
ജനാധിപത്യമായി പേര് തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ജീവനക്കാർക്ക് ഒരു പേപ്പർ നൽകി പിന്തുണക്കുന്ന ആദ്യത്തേയും രണ്ടാമത്തേയും പേര് എഴുതാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ എയർ ഇന്ത്യക്ക് 64 വോട്ടും ഇന്ത്യൻ എയർലൈൻസിന് 51 വോട്ടും ലഭിച്ചു. ട്രാൻസ് ഇന്ത്യൻ എയർലൈൻസിന് 28, പാൻ ഇന്ത്യൻ എയർലൈൻസിന് 19 എന്നിങ്ങനെയായിരുന്നു മറ്റുള്ളവയ്ക്ക് ലഭിച്ച വോട്ട്. കൂടുതൽ വോട്ട് ലഭിച്ച രണ്ടെണ്ണത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ 72 വോട്ടുകളാണ് എയർ ഇന്ത്യയ്ക്ക് ലഭിച്ചത്. 58 വോട്ടുകൾ ഇന്ത്യൻ എയർ ലൈൻസിന് ലഭിച്ചു. ഇതോടെ പുതിയ കമ്പനിക്ക് 'എയർ ഇന്ത്യ' എന്ന പേര് നൽകി എന്ന് കത്തിൽ വ്യക്തമാക്കുന്നു. ടാറ്റയുടെ കൈവശമുണ്ടായിരുന്ന എയർ ഇന്ത്യ പിന്നീട് കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.
2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായിരുന്നു.
പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. ടാലാസ് (talace) എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. സ്‌പൈസ് ജെറ്റായിരുന്നു ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളിയായിട്ട് ഉണ്ടായിരുന്നത്. 15100 കോടി രൂപയായിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക.
Content Highlights: Who named Air India? Tata group answers by sharing a 1946 monthly letter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..