സ്നേഹാ ദൂബെ| Photo: PTI
ആരാണ് ഈ സ്നേഹാ ദൂബെ? എത്ര മൂര്‍ച്ചയേറിയതാണ് അവരുടെ വാക്കുകള്‍! യു.എന്നില്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് വായടിപ്പിക്കുന്ന മറുപടി നല്‍കിയതിന് പിന്നാലെ, ഈ ഐ.എഫ്.എസുകാരിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി യു.എന്നില്‍ ഇമ്രാന് ഖാന് ഇന്ത്യക്കെതിരേ വിമര്‍ശനങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് സ്നേഹ ചുട്ടമറുപടിയുമായെത്തിയത്. സ്നേഹയുടെ മറുപടിയുടെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ശരിക്കും ആരാണ് സ്നേഹ?
2012 ബാച്ച് ഐ.എഫ്.എസ്. ഓഫീസറാണ് സ്നേഹ. നിലവില്‍ യു.എന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി. ഗോവയില്‍നിന്ന് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ പുണെയിലെ ഫെര്ഗൂസന് കോളേജില്‍നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡല്‍ഹി ജെ.എന്‍.യുവിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍നിന്ന് എം.ഫില്ലും നേടി.
12 വയസ്സു മുതല്‍ കണ്ട സ്വപ്നത്തിന് പിന്നാലെ...
12-ാം വയസ്സു മുതലുള്ള സ്നേഹയുടെ സ്വപ്നമായിരുന്നു ഇന്ത്യന്‍ ഫോറിന് സര്‍വീസ്. 2011-ല്‍ ആദ്യശ്രമത്തില്‍ തന്നെ മികച്ച വിജയം നേടി. രാജ്യാന്തര വിഷയങ്ങളെ കുറിച്ച് പഠിച്ചതും പുതിയ സംസ്കാരങ്ങളെ കുറിച്ചറിയാനുള്ള താല്പര്യവും തന്നെ ഐ.എഫ്.എസിലേക്ക് ആകര്‍ഷിച്ചതായി സ്നേഹ പറയുന്നു. കൂടാതെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം, പ്രധാന നയതീരുമാനങ്ങളുടെ ഭാഗമാകല്‍, ജനങ്ങളെ സഹായിക്കാന്‍ സാധിക്കല്‍ തുടങ്ങിയവയും സ്നേഹയെ ഐ.എഫ്.എസിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളാണ്. യാത്രകളെ ഏറെ സ്നേഹിക്കുന്നയാള് കൂടിയാണ് സ്നേഹ.
അവരുടെ കുടുംബത്തില്‍നിന്ന് ആദ്യമായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നയാളും സ്നേഹയാണ്. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജീവനക്കാരനാണ് സ്നേഹയുടെ അച്ഛന്. അമ്മ സ്കൂള്‍ അധ്യാപികയും. ഐ.എഫ്.എസില്‍ പ്രവേശിച്ചതിനു പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു സ്നേഹയുടെ നിയമനം. തുടര്‍ന്ന് 2014 ഓഗസ്റ്റില്‍ മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയില്‍ നിയമിതയായി.
യു.എന്നില്‍ സ്നേഹ പറഞ്ഞത്...
യു.എന്നില്‍ സ്നേഹ ദൂബെ നടത്തിയ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്: എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല പാകിസ്താന് യു.എന്‍. വേദി ദുരുപയോഗം ചെയ്യുന്നത്. തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നല്കി അതിന്റെ പരിതാപകരമായ അവസ്ഥയില്‍നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്താന് നടത്തി കൊണ്ടിരിക്കുന്നത്. ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്ന നയവും ചരിത്രവും പാകിസ്താനുണ്ട്. ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാകിസ്താന്റെ പേരിലാണ്. ഒസാമ ബിന്‍ ലാദന് പാകിസ്താന് അഭയമൊരുക്കി. ഇപ്പോള്‍ പോലും പാകിസ്താന് നേതൃത്വം ലാദന്റെ മരണത്തെ മഹത്വവത്കരിക്കുകയാണ്. പാകിസ്താനില്‍ നിന്ന് വ്യത്യസ്തമായി, സ്വതന്ത്രമാധ്യമങ്ങളും സ്വതന്ത്ര ജുഡീഷ്യറിയുമുള്ള ഒരു രാജ്യമാണ് ഇന്ത്യ. അവ ഞങ്ങളുടെ ഭരണഘടനയെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ബഹുസ്വരത എന്നത് പാകിസ്താന് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു ആശയമാണ്. അവര്‍ ഭരണഘടനാപരമായി തന്നെ ന്യൂനപക്ഷങ്ങള്‍ ഉയര്‍ന്ന പദവികളില്‍ എത്തുന്നതിനെ വിലക്കുന്നു. ലോകവേദിയില്‍ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് നിങ്ങള്‍ ആത്മപരിശോധന നടത്തണം.
content highlights: who is sneha dubey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..