മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് വേണ്ടി ഹാജരായത് മുന്‍ അറ്റോണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോഹ്തഗി ഉള്‍പ്പെട്ട അഭിഭാഷക സംഘമാണ്. സതീഷ് മനേഷിണ്ഡെ, അമിത് ദേശായി എന്നിവരാണ് അഭിഭാഷക സംഘത്തിലെ മറ്റ് പ്രമുഖര്‍. ആര്യന്‍ ഖാന് വേണ്ടി ഹാജരാവാനായി മുകുള്‍ റോഹ്തഗി തിങ്കളാഴ്ചയാണ് മുംബൈയിലെത്തിയത്.

23വയസ്സുകാരനായ ആര്യന്‍ മയക്കുമരുന്ന് ഉപഭോക്താവ് മാത്രമല്ല, അനധികൃത മയക്കുമരുന്ന് കടത്തിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എതിര്‍ത്ത ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിലാണ് മുകുള്‍ റോഹ്തഗിയുടെ വാദം. ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായി 25 ദിവസത്തിന് ശേഷം ആര്യന്‍ ഖാന് ജാമ്യം നേടിക്കൊടുത്ത അഭിഭാഷക സംഘത്തിലെ പ്രമുഖന്‍ മുകുള്‍ റോഹ്തഗി ആരാണ്? 

ഇന്ത്യയുടെ പതിനാലാമത് അറ്റോണി ജനറലായിരുന്നു മുകുള്‍ റോഹ്തഗി. 2014 മുതല്‍ 2017 വരെയാണ് അറ്റോണി ജനറലായി സേവനമനുഷ്ഠിച്ചത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ കരിയറില്‍ പലമേഖലകളിലേയും 'വമ്പന്‍ സ്രാവുകള്‍ക്ക്' വേണ്ടി കോടതിമുറിയില്‍ വാദിച്ച ചരിത്രമാണ് മുകുള്‍ റോഹ്തഗിക്കുള്ളത്. ആ കേസുകളില്‍ ഗുജറാത്ത് കലാപം മുതല്‍ ഏറ്റവും ഒടുവിലായി ആര്യന്‍ ഖാന്റെ കേസും ഉള്‍പ്പെടുന്നു. 

മുകുള്‍ റോഹ്തഗി ഹാജരായ പ്രമാദമായ ഏതാനും കേസുകള്‍ ഇവയൊക്കെയാണ്.. 

ഗുജറാത്ത് കലാപ കേസ്

ഗുജറാത്തില്‍ 2002-ല്‍നടന്ന കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റു നല്‍കിയ എസ്.ഐ.ടി. നടപടി ചോദ്യംചെയ്തുകൊണ്ടുള്ള കേസില്‍ എസ്.ഐ.ടിക്ക് വേണ്ടി ഹാജരായത് മുകുള്‍ റോഹ്തഗി ആയിരുന്നു. കലാപത്തിനിടെയുണ്ടായ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമണത്തില്‍ മരിച്ച മുന്‍ കോണ്‍ഗ്രസ് എം.പി. എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയാണ് എസ്.ഐ.ടി നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. 

ഫെയ്‌സ്ബുക്ക്-വാട്‌സാപ്പ് സ്വകാര്യതാ കേസ്

വാട്‌സാപ്പ്-ഫെയ്‌സ്ബുക്ക് പുതുക്കിയ സ്വകാര്യതാ നയത്തിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. സ്വകാര്യതാനയം വ്യക്തികളുടെ സ്വകാര്യതയ്ക്കും രാജ്യസുരക്ഷയ്ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ചൈതന്യ രോഹില്ലയാണ് പരാതി നല്‍കിയത്. കേസില്‍ സോഷ്യല്‍ മീഡിയ ഭീമന്‍ന്മാരായ വാട്‌സാപ്പിന് വേണ്ടി ഹാജരായത് മുകുള്‍ റോഹ്തഗിയും കപില്‍ സിബലും ഹരീഷ് സാല്‍വേയുമാണ്. 

മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് കേസ്

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ദേശ്മുഖിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍സിംഗുമായി ബന്ധപ്പെട്ട കേസില്‍ പരംബീറിന് വേണ്ടി ഹാജരായത് മുകുള്‍ റോഹ്തഗി ആയിരുന്നു. പൊലീസ് കമ്മിഷണറായിരിക്കെ, ബാര്‍ ഉടമകളില്‍നിന്ന് 100 കോടിരൂപ പിരിച്ചെടുത്തുനല്‍കാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന അനില്‍ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. പരംബീറിന്റെ ആരോപണങ്ങള്‍ അനില്‍ ദേശ്മുഖ് തള്ളി. തുടര്‍ന്ന് അനില്‍ ദേശ്മുഖിനെതിരേ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരംബീറിന്റെ ഹര്‍ജി. 

ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന നിയമനകേസ്

ഡല്‍ഹി പോലീസ് കമ്മീഷണര്‍ ആയി രാകേഷ് അസ്താന നിയമിച്ചതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും രാകേഷ് അസ്താനയ്ക്ക് വേണ്ടി മുകുള്‍ റോഹ്തഗി ഹാജരായി. രാകേഷ് അസ്താനയുടെ നിയമനം ശരിവെക്കുന്നതായിരുന്നു കോടതിവിധി. 

aryan khan
ആര്യന്‍ ഖാന്‍, മുകുള്‍ റോഹ്തഗി | Photo: PTI

വോഡാഫോണ്‍-ഐഡിയ വരുമാന കുടിശ്ശിക കേസ്

ടെലികോം ഭീമനായ വോഡഫോണ്‍-ഐഡിയയ്ക്ക് വേണ്ടി മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായത് കമ്പനിയുടെ വാര്‍ഷിക മൊത്ത വരുമാന കുടിശ്ശികയായ 58,254 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണ്. കേസില്‍ എയര്‍ടെല്ലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും ടാറ്റയ്ക്ക് വേണ്ടി അരവിന്ദ് ദാതാറും ഹാജരായി.

മാട്രിക്‌സ് സെല്ലുലാര്‍​- ഓക്‌സിജന്‍ പൂഴ്ത്തിവെപ്പ് കേസ്

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പൂഴ്ത്തിവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ കേന്ദ്രമായിരുന്നു മാട്രിക്‌സ് സെല്ലുലാര്‍ കമ്പനി. പൂഴ്ത്തിവെച്ച കോണ്‍സെന്‍ട്രേറ്ററുകള്‍ പോലീസ് പിടിച്ചെടുത്തു. ഇവ വിട്ടുനല്‍കില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കമ്പനിക്ക് വേണ്ടി ഹാജരായത് മുകുള്‍ റോഹ്തഗിയാണ്. ഡല്‍ഹി പോലീസിന് യന്ത്രങ്ങള്‍ 'കേസ് പ്രോപ്പര്‍ട്ടി' ആയി കണ്ടുകെട്ടാനാകില്ലെന്നും അവ വിട്ടുനല്‍കാന്‍ വിസമ്മതിക്കുമെന്നും മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചിരുന്നു.

റിയ ചക്രവര്‍ത്തി കേസ്-ബിഹാര്‍ സര്‍ക്കാര്‍

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയില്‍ ബിഹാര്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് മുകുള്‍ റോഹ്തഗി ആണ്. കേസ് ബിഹാറില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുന്നതുവരെ കേസന്വേഷണം നിര്‍ത്തിവെക്കണമെന്നായിരുന്നു റിയ ചക്രവര്‍ത്തിയുടെ ആവശ്യം. എന്നാല്‍ കേസില്‍
തങ്ങളുടെ നിലപാട് കേള്‍ക്കാതെ കേസില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേവിയറ്റ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

താണ്ഡവ് വിവാദം

ആമസോണ്‍ പ്രൈംമില്‍ റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകനും നിര്‍മാതാവിനും വേണ്ടി ഹാജരായത് മുകുള്‍ റോഹ്തഗി ആയിരുന്നു. വെബ്സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദമായ രംഗം ഉണ്ടായിരുന്നത്. ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ ഒട്ടനവധിയാളുകള്‍ രംഗത്ത് വന്നു. വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ കേസെടുത്തു. അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.