രണ്ടുദിവസം രണ്ട് ഭിന്നവിധികള്‍, കാത്തിരിക്കുന്നത് ആദ്യ വനിതാചീഫ് ജസ്റ്റിസ് പദവി; ജ.നാഗരത്‌നയെ അറിയാം


ജസ്റ്റിസ് ബി.വി.നാഗരത്‌ന

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ നിയമസാധുത മുതല്‍ നിയമനിര്‍മാതാക്കളുടെ അഭിപ്രായസ്വാതന്ത്ര്യം വരെ- തിങ്കാളാഴ്ചയും ചൊവ്വാഴ്ചയുമായി സുപ്രീംകോടതി വിധിപറഞ്ഞ സുപ്രധാന കേസുകളില്‍ ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിക്കപ്പെട്ടത്. ഈ രണ്ടുവിധികളിലും ഭിന്നവിധി കുറിച്ചിരിക്കുകയാണ് ജസ്റ്റിസ് ബി.വി.നാഗരത്‌ന. രാജ്യത്തെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള സുപ്രീം കോടതി ജഡ്ജിയാണ് നാഗരത്ന.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് തിങ്കളാഴ്ചയായിരുന്നു.

മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്ന് വിധി പുറപ്പെടുവിച്ചത് ചൊവ്വാഴ്ചയും. അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയാണ് രണ്ട് ഹര്‍ജികളിലും സുപ്രീംകോടതി പുറപ്പെടുവിച്ചത്. രണ്ട് കേസുകളിലും ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ജസ്റ്റിസ് നാഗരത്‌ന ഭിന്നവിധികളും പുറപ്പെടുവിച്ചു.

നോട്ട് നിരോധനം

ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാരാണ് ഭൂരിപക്ഷ വിധിയിലൂടെ സര്‍ക്കാര്‍ നടപടി ശരിവെച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു നോട്ട് നിരോധനമെന്നും അത് ലക്ഷ്യപ്രാപ്തിയിലെത്തിയോ എന്നത് പ്രസക്തമല്ലെന്നും ഭൂരിപക്ഷവിധിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇതിനോട് വിയോജിച്ചുകൊണ്ട് ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ വിധി ഇങ്ങനെയായിരുന്നു- 'നോട്ട് നിരോധിച്ച നടപടിക്രമങ്ങള്‍ നിയമപരമായിരുന്നില്ല, ഗസറ്റ് വിജ്ഞാപനത്തിലൂടെയല്ല നിയമനിര്‍മാണത്തിലൂടെയാണ് നോട്ട് നിരോധിക്കേണ്ടത്. അതിനാല്‍, നോട്ട് നിരോധന വിജ്ഞാപനത്തിന് നിയമസാധുതയില്ല. എന്നാല്‍, രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തികാരോഗ്യവും കണക്കിലെടുത്ത് സര്‍ക്കാരിന്റേത് സദുദ്ദേശ്യപരമായ നടപടിയായിരുന്നു'.

ജനപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യന് അധിക നിയന്ത്രണം

ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തന്നെയാണ് പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധികനിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം തള്ളിയത്. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി. രാമസുബ്രമണ്യം എഴുതിയ വിധിയോട് ജസ്റ്റിസ്മാരായ അബ്ദുള്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ എന്നിവര്‍ യോജിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് ന്യായമായ നിയന്ത്രണങ്ങള്‍ നിലവില്‍ തന്നെ ഭരണഘടനയില്‍ ഉണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. മന്ത്രിമാര്‍ നടത്തുന്ന എല്ലാ പരാമര്‍ശങ്ങളും സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാന്‍ കഴിയില്ലെന്നും ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങള്‍ വിധിച്ചു. അതേസമയം, മന്ത്രിമാര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാമെന്ന് ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ബി.വി നാഗരത്ന വ്യക്തമാക്കി.

വിദ്വേഷ പ്രസംഗങ്ങളും ജനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന പ്രരാമർശങ്ങളും തടയുന്നതിന് പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് ജസ്റ്റിസ് നാഗരത്ന ആവശ്യപ്പെടുകയുണ്ടായി. പ്രത്യേക വിധിയിലാണ് ജസ്റ്റിസ് നാഗരത്ന നിലപാട് വ്യക്തമാക്കിയത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് സിവില്‍, ക്രിമിനല്‍ കേസുകളുമായി കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്ന വിധിപ്രസ്താവത്തില്‍ അഭിപ്രായപ്പെട്ടു.

മന്ത്രിമാര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ തങ്ങളുടെ നേതാക്കള്‍ കടക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് നാഗരത്ന പ്രത്യേക വിധിയില്‍ പറഞ്ഞു.

ആരാണ് ജസ്റ്റിസ് നാഗരത്‌ന?

മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്.വെങ്കിട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി.വി നാഗരത്ന. 1962 ഒക്ടോബര്‍ 30-നാണ് ജനനം. 1987 ഒക്ടോബര്‍ 28-ന് ബെംഗളൂരുവില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തു. ഭരണഘടന, വാണിജ്യം, ഇന്‍ഷുറന്‍സ്, സേവനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.

2008 ഫെബ്രുവരി 18-ന് കര്‍ണാടക ഹൈക്കോടതിയില്‍ നാഗരത്‌ന അഡീഷണല്‍ ജഡ്ജിയായി. 2010 ഫെബ്രുവരി 17-നാണ് സ്ഥിരം ജഡ്ജിയായി നിയമിതയായത്. 2021-ലാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനകയറ്റം കിട്ടിയത്. 2027 ഒക്ടോബര്‍ 29 വരെയാണ് വിരമിക്കല്‍ കലാവാധി. സുപ്രീംകോടതിയിലെ നിലവിലെ സീനിയോറിറ്റിയനുസരിച്ച് 2027 സെപ്റ്റംബര്‍ 23-ന് നാഗരത്‌ന ചീഫ് ജസ്റ്റിസാകേണ്ടതാണ്. ഇത് നടപ്പാകുകയാണെങ്കില്‍ രാജ്യത്തെ ആദ്യ വനിതാ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നാഗരത്‌ന ചരിത്രംകുറിക്കും. എന്നാല്‍, വിരമിക്കല്‍ പ്രായം ആകുന്നതോടെ വെറും 36 ദിവസം മാത്രമേ ഈ ചരിത്രപദവിയില്‍ അവര്‍ക്ക് ഇരിക്കാനാകുകയുള്ളൂ. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞകാലം ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെയാളാകും നാഗരത്‌ന.

ചീഫ് ജസ്റ്റിസാകുകയാണെങ്കില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി നാഗരത്‌നയുടെ പേരിലുണ്ടാകും. പിതാവിന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ ജുഡീഷ്യറിയുടെ തലപ്പെത്തെത്തുന്ന രണ്ടാമത്തെയാള്‍ എന്ന റെക്കോര്‍ഡാകും നാഗരത്‌നക്ക് ലഭിക്കുക. നാഗരത്‌നയുടെ പിതാവ് ഇ.എസ്.വെങ്കട്ടരാമയ്യ 1989-ല്‍ ആറ് മാസക്കാലമാണ് ചീഫ് ജസ്റ്റിസായിരുന്നത്.

നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് പിതാവിന്റെ പാതയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെയാള്‍. ഡി.വൈ.ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി.ചന്ദ്രചൂഡ് 1970-ലാണ് ചീഫ് ജസ്റ്റിസായത്.

Content Highlights: Who is Justice BV Nagarathna-Likely to be First Woman CJI in 2027 for 36 Days


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented